സ്വന്തം ലേഖകൻ: എമിറേറ്റിന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് സഹായകമാവുന്ന വിധത്തില്‍ ഏകീകൃതവും കൃത്യവുമായ ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാന്‍ തീരുമാനം. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2024ലെ എക്സിക്യുട്ടീവ് കൗണ്‍സില്‍ 50-ാം നമ്പര്‍ പ്രമേയമായാണ് യൂനിഫൈഡ് പോപ്പുലേഷന്‍ രജിസ്ട്രി സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ദുബായിലെ താമസക്കാരെക്കുറിച്ചുള്ള സമഗ്രമായ തത്സമയ ഡാറ്റ നല്കാന് പര്യാപ്തമാവുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളുടെയും കൃത്യവും അപ്ഡേറ്റ് ചെയ്തതുമായ വിവരങ്ങള്‍ ഏത് സമയത്തും ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കുകയാണ് രജിസ്ട്രിയിലൂടെ ലക്ഷ്യമിടുന്നത്.
സമഗ്രതയും തത്സമയ അപ്ഡേറ്റുകളും ഉറപ്പാക്കിക്കൊണ്ട് ദുബായിലെ ജനസംഖ്യാ വിവരങ്ങള്‍ കേന്ദ്രീകരിക്കുകയാണ് രജിസ്ട്രി ലക്ഷ്യമിടുന്നത്. ഇത് ഗവണ്മെന്റ് പ്ലാനുകള്‍, തന്ത്രങ്ങള്‍, നയങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനെ സഹായിക്കുകയും അതിന് അടിസ്ഥാനമായി വര്‍ത്തിക്കുകയും ചെയ്യും.
ദുബായുടെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കൃത്യമായ സെന്‍സസ് ഫലങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കൂടാതെ സാമ്പത്തികവും സാമൂഹികവുമായ നയങ്ങള്‍ രൂപീകരിക്കാന്‍ ഉതകുന്ന വിധത്തില്‍ ഭാവിയിലെ ജനസംഖ്യാ പ്രവചനം സാധ്യമാക്കാനും ഈ രജിസ്ട്രിയിലെ വിവരങ്ങള്‍ സഹായകമാവുമെന്ന് ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു.
പ്രമേയം അനുസരിച്ച്, ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഏകീകൃത ദുബായ് ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കും. എമിറേറ്റിന്റെ ജനസംഖ്യാ ഡാറ്റയുടെ ഔദ്യോഗികവും ഏകവുമായ ഉറവിടം ഈ രജിസ്ട്രി ആയിരിക്കും. ജനസംഖ്യാ രജിസ്ട്രി കൈകാര്യം ചെയ്യുന്നതും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുന്നതും ഉള്‍പ്പെടെ ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിന്റെ റോളുകളും ഉത്തരവാദിത്തങ്ങളും പ്രമേയം വ്യക്തമാക്കുന്നുണ്ട്.
ദുബായ് സൈബര്‍ സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് രജിസ്ട്രി രൂപകല്‍പ്പന ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും മറ്റ് രേഖകളുമായി ലിങ്ക് ചെയ്യുന്നതിനും ഉപയോക്തൃ ഗൈഡുകള്‍ തയ്യാറാക്കുന്നതിനും ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് ഉത്തരവാദികളാണ്.
ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് ആക്സസ് പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും രഹസ്യാത്മക സ്വഭാവം കാത്തുസൂക്ഷിക്കുകയും നയങ്ങള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്യും. സ്ഥാപനം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയും പ്ലാറ്റ്ഫോം ദുബായുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രമേയം വ്യക്തമാക്കി.
വിവരങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററിനെ പ്രമേയം ചുമതലപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംയോജിപ്പിക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റുമായി ഇത് സഹകരിച്ച് പ്രവര്‍ത്തിക്കും. ദുബായ് ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ അധിക ഉത്തരവാദിത്തങ്ങളും കേന്ദ്രം കൈകാര്യം ചെയ്യും.
ഈ പ്രമേയം നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിക്കും. ഈ പ്രമേയം അതിന് വിരുദ്ധമായേക്കാവുന്ന മറ്റേതെങ്കിലും നിയമനിര്‍മാണത്തെ അസാധുവാക്കുമെന്നും ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും പ്രമേയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല