സ്വന്തം ലേഖകൻ: ദുബായ് വീസയുളളവർക്ക് ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വ്യാജ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്നു. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നുണ്ട്.
ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ട്രാവല്‍ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. വീസയുള്ളവർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്ത് പ്രവേശിക്കാൻ കഴിയും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻന്റ് പോർട്ട് സെക്യൂരിറ്റിയിലെ ഉപഭോക്തൃഏജന്‍റിനെ ഉദ്ധരിച്ച് പ്രാദേശിക പത്രവും സർക്കുലർ അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കുന്നു. ദുബായ് ഉള്‍പ്പടെ യുഎഇയിലെ ഏത് എമിറേറ്റിലെ വീസയാണെങ്കിലും യുഎഇയിലെ ഏത് വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല