സ്വന്തം ലേഖകൻ: വിസിറ്റ് വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി ദുബായി ഭരണകൂടം. വിസിറ്റ് വീസയില്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കുള്ള പരിശോധന ഈയിടെ അധികൃതര്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ വിസിറ്റ് വീസ കാലാവധി കഴിഞ്ഞു ദുബായില്‍ തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
വിസിറ്റ് വീസയില്‍ എത്തിയവര്‍ കാലാവധി കഴിയുന്ന മുറയ്ക്ക് ദുബായ് വിടുകയോ വീസ മാറ്റുകയോ ചെയ്യാതെ മുങ്ങിനടക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അവര്‍ക്കുള്ള പ്രവേശന വേളയില്‍ മടക്കടിക്കറ്റ് ഉള്‍പ്പെടെ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന നടപടി അധികൃതര്‍ സ്വീകരിച്ചതെന്നാണ് വിവരം. സന്ദര്‍ശകര്‍ കാലാവധി കഴിഞ്ഞ് ദുബായില്‍ തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ട്രാവല്‍ ഏജന്‍സികളുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
തങ്ങള്‍ നല്കിയ വിസിറ്റ് വീസയില്‍ വന്ന സന്ദര്‍ശകര്‍ സമയത്തിനകത്ത് രാജ്യം വിട്ടില്ലെങ്കില്‍ 2,500 ദിര്‍ഹം പിഴമാത്രമല്ല ഈടാക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. മറിച്ച്, ഏജന്‍സിയുടെ വീസ ക്വാട്ട കുറയ്ക്കുകയും ചെയ്യും. ഇത് ട്രാവല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിക്കുന്നതായും അവര്‍ പറയുന്നു. അതുകൊണ്ടു തന്നെ, കാലാവധി കഴിഞ്ഞ് ആരും രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തങ്ങള്‍ക്കു കൂടിയാണെന്നാണ് അവര്‍ പറയുന്നത്.
വിസിറ്റഅ വീസ ഗ്രേസ് പിരീഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദര്‍ശകര്‍ കൂടുതല്‍ സമയം താമസിക്കുന്നതിന്റെ പ്രധാന കാരണങ്ങളൊന്നായി വിലയിരുത്തപ്പെടുന്നത്. വീസ കാലാവധി കഴിഞ്ഞ് 10 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ടെന്നാണ് പല സന്ദര്‍ശകരുടെയും ധാരണ. എന്നാല്‍ അത് ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ 10 ദിവസത്തെ ഗ്രേസ് കാലാവധി ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ അധികൃതര്‍ അത് എടുത്തുകളഞ്ഞിട്ടുണ്ട്. ഈ വിവരം അറിയാതെയാണ് പലരും അബദ്ധത്തില്‍ രാജ്യത്ത് തുടരുന്നത്.
വിസിറ്റ് വീസയില്‍ ജോലി അന്വേഷിച്ച് ദുബായിലെത്തുന്നവരും പലപ്പോഴും കാലാവധി കഴിഞ്ഞു ഇവിടെ തങ്ങാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിയുണ്ട്. കമ്പനികളില്‍ ഇന്റര്‍വ്യൂ ഡേറ്റ് കിട്ടി കാത്തിരിക്കുന്നവരും ഇന്റര്‍വ്യൂ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരും പലപ്പോഴും വീസ കാലാവധി കഴിഞ്ഞും ദുബായില്‍ തങ്ങുന്നവരാണ്. ജോലി കിട്ടിയാലും ഇല്ലെങ്കിലും പിഴയായി വലിയ തുക അടക്കേണ്ട സ്ഥിതിയാണ് ഇതുമൂലം ഉണ്ടാവുകയെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
വിസിറ്റ് വീസയില്‍ എത്തിയ ഒരാള്‍ തിരികെ പോവാന്‍ വൈകുന്ന വിവരം ട്രാവല്‍ ഏജന്റിനെ അറിയിക്കാതെ മുങ്ങി നടന്ന് അവര്‍ക്കെതിരേ ഒളിച്ചോട്ട കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ പിന്നെ അതില്‍ നിന്ന് പുറത്തുകടക്കമണെങ്കില്‍ കടമ്പകള്‍ ഏറെയാണ്. പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ ഏറ്റവും കുറഞ്ഞത് 2,000 ദിര്‍ഹം പിഴ അടക്കേണ്ടി വരും.
അതിനു പുറമെ, അഡ്മിനിസ്ട്രേഷന് ഫീസും എക്സിറ്റ് ഫീസും അടച്ചാല്‍ മാത്രമേ അബ്സ്കോണ്ടിംഗ് സ്റ്റാറ്റസ് നീക്കം ചെയ്യാനാവുകയുള്ളൂ. അധിക ദിവസം തങ്ങിയതിനുള്ള പിഴ കൂടി ആകുന്നതോടെ താങ്ങാനാവാത്ത തുകയാവും അടക്കേണ്ടിവരിക. ചിലപ്പോള്‍ അത് 5000 ദിര്‍ഹം വരെയായി വര്‍ധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല