സ്വന്തം ലേഖകൻ: സൈക്കിള്‍ സൗഹൃദനഗരമായ ദുബായ് ഇനി നടത്തം കൂടി പ്രോത്സാഹിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘ദുബായ് വാക്ക്’ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ വീസ്തൃതിയിലാണ് ‘ദുബായ് വാക്ക്’ പദ്ധതി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചർ അല്‍ റാസ് എന്നിങ്ങനെ രണ്ട് മേഖലകളിലാണ് തുടക്കം.
നടപ്പാതകളും ഇടനാഴികളും തുരങ്കങ്ങളും ഉള്‍ക്കൊളളുന്നതാണ് പദ്ധതി. ചൂടുകാലാവസ്ഥയെ പ്രതിരോധിക്കാന്‍ പാതകളില്‍ ശീതീകരണ സംവിധാനവുമൊരുക്കും. 110 കാല്‍നടപ്പാലങ്ങള്‍, 112 കിലോമീറ്റർ ദൈർഘ്യത്തില്‍ ജലത്തിനരികിലൂടെയുളള നടപ്പാതകള്‍, പച്ചപ്പും ഹരിതാഭയും വഴിയൊരുക്കുന്ന 124 കിലോമീറ്റർ നടപ്പാതകള്‍, 150 കിലോമീറ്ററില്‍ പർവത ഗ്രാമീണ നടപ്പാതകള്‍ എന്നിവയുമുണ്ടാകും.
മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ ഒരുക്കുന്ന ‘ദുബായ് വാക്കി’ല്‍ രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലുളള നടപ്പാലമുണ്ടാകും. വേള്‍ഡ് ട്രേഡ് സെന്‍റർ, എമിറേറ്റ്സ് ടവർ, ദുബായ് ഇന്‍റർനാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റർ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിവയെ ബന്ധിപ്പിച്ചാകും ദുബായ് വാക്കിലെ വഴികള്‍. ഒപ്പം മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിക്കും. 15 കിലോമീറ്റർ ദൈർഘ്യത്തിലാണ് അല്‍ റാസിലെ നടപ്പാതയൊരുങ്ങുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് ‘ദുബായ് വാക്ക്’ നടപ്പിലാക്കുക. അല്‍ ബർഷ 2, അല്‍ ഖവനീജ് 2, അല്‍ മിസാർ 1 എന്നിവയാണ് ആദ്യഘട്ടത്തിലുളളത്. ദുബായ് വാക്ക് നടപ്പിലായാല്‍ 6500 കിലോ മീറ്റർ ദൈർഘ്യത്തില്‍ പരസ്പര ബന്ധിതമായ നടപ്പാതകളായിരിക്കും ദുബായ് എമിറേറ്റിലുണ്ടാവുക. 20 മിനിറ്റ് നഗരം പദ്ധതിയുടെ ഭാഗമായി 2040 ഓടെ പൂർത്തിയാകുന്ന തരത്തിലാണ് നിലവില്‍ ദുബായ് വാക്ക് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല