കോഴഞ്ചേരി അയിരൂര്‍ കൈതകൊടി തെക്കാകാലായില്‍ രാമകൃഷ്ണനെ (58) കൊന്ന് വീപ്പയിലാക്കി പമ്പയാറ്റില്‍ ഒഴുക്കിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഭാര്യ പ്രസന്നയുടെ പങ്കും അന്വേഷിക്കുന്നു. മകള്‍ കല ( ഷാലി -32), കാമുകന്‍ ചെറുകോല്‍ പഞ്ചായത്തിലെ വാഴക്കുന്നം തട്ടാകുന്നേല്‍ ജി.ശ്രീജിത്( ജിത്ത് -27) കാട്ടൂര്‍ മുതുമരത്തില്‍ ആര്‍. രഞ്ജിത് (അയ്യപ്പന്‍-27), വാഴക്കുന്നം ചിറ്റക്കാട്ടത്തേ് എസ്. ശ്രീജിത് (ചിറ്റപ്പന്‍ – 19), ഒന്നാം പ്രതിയുടെ അമ്മാവന്‍െറ മകന്‍ കൈതകൊടി കെ. അനൂപ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 14ഉം 10 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ മാതാവാണ് കല. ഭര്‍ത്താവ് രണ്ടുവര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുകയാണ്. ഇപ്പോള്‍ രാമകൃഷ്ണന്‍െറ വീട്ടിലാണ് കല താമസിക്കുന്നത്. ആറുമാസം മുമ്പാണ് ശ്രീജിത്തുമായി കല പരിചയത്തിലായത്. ഇത് പ്രേമത്തിലേക്കും അവിഹിത ബന്ധത്തിലേക്കും വളര്‍ന്നു. വിവരമറിഞ്ഞ രാമകൃഷ്ണന്‍ ബന്ധം വിലക്കുകയും തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ രാമകൃഷ്ണനെ വകവരുത്താന്‍ ശ്രീജിത് തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായം തേടുകയും വിവരം കാമുകിയെ അറിയിക്കുകയും ചെയ്തു. സംഭവദിവസം രാത്രി പത്തോടെ മൂന്നാം പ്രതി ഫോണില്‍ വിളിച്ചതനുസരിച്ചാണ് രാമകൃഷ്ണന്‍ റോഡിലിറങ്ങിയത് . അനൂപിന്‍െറ സഹായത്തോടെ പത്തനംതിട്ടയില്‍ നിന്ന് വാടകക്കെടുത്ത കാറില്‍ എത്തിയ സംഘം പിറകിലെ ഡോര്‍ തുറന്ന് രാമകൃഷ്ണനെ കാറിനുള്ളിലാക്കി. രക്ഷപ്പെടാന്‍ ശ്രമിച്ച രാമകൃഷ്ണനെ കൈയില്‍ കരുതിയ ചെണ്ടക്കയറും തോര്‍ത്തും ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് പിടിച്ചിരുത്തി. അനൂപാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റിലിരുന്ന ശ്രീജിത് രാമകൃഷ്ണന്‍െറ കൈയിലുണ്ടായിരുന്ന ടോര്‍ച്ച് പിടിച്ചുവാങ്ങി തലക്കടിച്ചു. തലക്ക് ആഴത്തില്‍ ക്ഷതമേറ്റ രാമകൃഷ്ണന്‍ മരിച്ചു.
പമ്പാതീരത്ത് കുറ്റിക്കാട്ടില്‍ മൃതശരീരം ഇറക്കിവെച്ച് രണ്ടുപേര്‍ കാവല്‍ നിന്നു. മറ്റ് രണ്ടുപേര്‍ ശ്രീജിത്തിന്‍െറ പത്തനംതിട്ടയിലെ ജോലിസ്ഥലത്തു പോയി ടാര്‍ വീപ്പ കൊണ്ടുവന്നു. മൃതദേഹം വീപ്പക്കുള്ളിലേക്ക് തലകീഴാക്കി ഇടിച്ചുകയറ്റി. ശ്രീജിത്തിന്‍െറ വീട്ടില്‍ നിന്ന് കൊണ്ടുവന്ന പിച്ചാത്തി ഉപയോഗിച്ച് മൃതദേഹത്തിന്‍െറ വയര്‍ കീറി കുടല്‍ മാല പുറത്താക്കി. മൂടി ഭാഗം ചളുക്കി കൈയില്‍ കരുതിയിരുന്ന വയര്‍ ഉപയോഗിച്ച് വീപ്പയുടെ സൈഡിലൂടെ കെട്ടി മൃതദേഹം പുറത്തുവരില്ലെന്നുറപ്പുവരുത്തിയ ശേഷമാണ് നദിയില്‍ തള്ളിയത്.
ബുധനാഴ്ച പകല്‍ തുണ്ടിക്കടവില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ ഡിവൈ.എസ്.പി അടങ്ങുന്ന പൊലീസ് സംഘത്തിന്‍െറ അന്വേഷണം തിരിച്ചുവിടാന്‍ അമ്മ പ്രസന്നയും മകളും ശ്രമിച്ചതാണ് വളരെ വേഗം പ്രതികളെ കണ്ടെത്താന്‍ സഹായകമായത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ട് എന്ന വ്യക്തമാക്കുന്ന രൂപത്തില്‍ രാമകൃഷ്ണനെ ഒരു സ്ത്രീയും കുട്ടിയും തിരക്കിയെത്തിയെന്ന് പ്രസന്ന പൊലീസിനോട് പറഞ്ഞിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന് തുമ്പായത്.
പത്തനംതിട്ട ഡിവൈ.എസ്.പി രഘുവരന്‍നായര്‍, കോഴഞ്ചേരി സി.ഐ സഖറിയ മാത്യു, കോയിപ്രം എസ്.ഐ എസ്. നുഅ്മാന്‍, ആറന്മുള എസ്.ഐ ബി. വിനോദ് കുമാര്‍, എ.എസ്.ഐ ബി. രമേശ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആര്‍. രാധാകൃഷ്ണന്‍ നായര്‍, കെ.എ. ശിവപ്രസാദ്, ഡി.പുഷ്പകുമാര്‍എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല