സിനിമയിലേക്കുള്ള ദുല്‍ക്കര്‍ സല്‍മാന്‍റെ രംഗപ്രവേശം ഉജ്ജ്വലമായിരുന്നു. ആദ്യചിത്രമായ ‘സെക്കന്‍റ് ഷോ’ മികച്ച വിജയമാണ് നേടിയത്. ആദ്യവിജയം തലയ്ക്കു പിടിക്കാത്ത ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ ചുവടുകള്‍ ശ്രദ്ധയോടെയാണ് വയ്ക്കുന്നത്. അന്‍വര്‍ റഷീദിന്‍റെ ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ക്കറിന്‍റെ പുതിയ സിനിമ. ‘ജൂണ്‍’ എന്നൊരു ചിത്രത്തിലേക്കും ദുല്‍ക്കര്‍ കരാറായി. വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലും ദുല്‍ക്കര്‍ അഭിനയിക്കുന്നു.
ദുല്‍ക്കര്‍ സിനിമയില്‍ ശക്തമായ മുന്നേറ്റം നടത്തുമ്പോള്‍ പിതാവ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന കാലമാണ്. മമ്മൂട്ടി തന്‍റെ താര സിംഹാസനം നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരുന്നു. മമ്മൂട്ടിയും മകനും ഒരുമിച്ച് അഭിനയിക്കുമോ? മല്ലുവുഡില്‍ ഏറെക്കാലമായി ഉയരുന്ന ചോദ്യം ഇതാണ്.
ആ ചോദ്യം അവിടെ നില്‍ക്കട്ടെ. പുതിയൊരു വാര്‍ത്ത, മോഹന്‍ലാലിന്‍റെ മകനായി ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിക്കുന്നു എന്നതാണ്. സാക്ഷാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ മകനായി ദുല്‍ക്കര്‍ എത്തുന്നത്.
ഓഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം. സെവന്‍ ആര്‍ട്സിന്‍റെ ബാനറില്‍ ജി പി വിജയകുമാറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമ വേണ്ടത്ര വിജയിക്കാത്തതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലയാളത്തില്‍ ഒരു ഹിറ്റ് ആവശ്യമായ ഘട്ടത്തിലാണ് പ്രിയദര്‍ശന്‍ വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല