1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2012

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ‘സെക്കന്‍ഡ് ഷോ’ ഈ മാസം അവസാനം തീയറ്ററുകളിലെത്തും. വയലിനുശേഷം എ.ഒ.പി.എല്‍. എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

സ്‌നേഹവും പ്രണയവും പ്രതികാരവും കുടുംബ ബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ വേറിട്ട വഴി കാഴ്ചവയ്ക്കുന്നതാണ് സെക്കന്‍ഡ് ഷോ. സംവിധാനം ശ്രീനാഥ് രാജേന്ദ്രനാണ്. ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ബിപിന്‍, അനില്‍ ആന്റോ, അനീഷ് പി., സണ്ണി, സുധീഷ് ബെറി, രതീഷ് അങ്കമാലി, സുന്ദര്‍, മിഥുന്‍ നായര്‍, വിജയകുമാര്‍, മുരളീകൃഷ്ണ, ജയരാജ് കോഴിക്കോട്, നായിക ഗൗതമി നായര്‍. നൂറ എന്നിവര്‍ക്കൊപ്പം കുഞ്ചന്‍, ബാബുരാജ്, രോഹിണി, രമാദേവി കോഴിക്കോട് തുടങ്ങിയവരും വേഷമിടുന്നു.

നഗരത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന കുരുടിമുക്കില്‍ ജീവിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍. അടുത്തടുത്ത വീടുകളില്‍ ജനിച്ചുവളര്‍ന്ന, ഒരേ കോളനിയില്‍ താമസിക്കുന്ന അഞ്ചംഗ സംഘം. ഒരുപാട് സ്വപ്നങ്ങളുമായി കഴിയുന്ന പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികള്‍. ജീവിത വിജയത്തിനായി ഇറങ്ങിത്തിരിച്ച ഈ ചങ്ങാതിമാര്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സെക്കന്‍ഡ് ഷോയില്‍ ദൃശ്യവത്കരിക്കുന്നത്.

വില്ലന്‍ വേഷങ്ങളില്‍ നിന്ന് സ്വഭാവനടനായി മാറി, പ്രേക്ഷകരുടെ ഇഷ്ടം നേടിയ ബാബുരാജ് സെക്കന്‍ഡ്‌ഷോയില്‍ ചാവേര്‍ അന്തോണി, ചാവേര്‍ വാവച്ചന്‍ എന്നീ കഥാപാത്രങ്ങളില്‍ അച്ഛനായും മകനായും അഭിനയിക്കുന്നത് പ്രധാന ആകര്‍ഷണമാണ്.
ജയരാജിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നശ്രീനാഥ് രാജേന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സെക്കന്‍ഡ് ഷോ’യില്‍ താരങ്ങള്‍ മാത്രമല്ല, അണിയറശില്പികളും പുതുമുഖങ്ങളാണ്. ഒന്നരമാസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിനു ശേഷമാണ് ഷൂട്ടിങ് കോഴിക്കോട്ട് ആരംഭിച്ചത്. വയനാട്, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ‘സെക്കന്‍ഡ് ഷോ’ പൂര്‍ത്തീകരിച്ചത്.
സുധീഷ് പപ്പു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിനി വിശ്വലാല്‍ ആണ്. കൈതപ്രം, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് നിഖില്‍, അവിയല്‍ ബാന്‍ഡ് എന്നിവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.