സ്വന്തം ലേഖകന്‍: ‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാക്കുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. എണ്‍പതുകളില്‍ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ കൊലകേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ’ എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് അടക്കം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. 1984ല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടുന്നതിന് വേണ്ടിയായിരുന്നു സുകുമാരക്കുറുപ്പ് ചാക്കോ എന്ന ഫിലിം പ്രോജക്ടറെ വകവരുത്തിയത്. തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോയെ കാറിനുള്ളില്‍ വിളിച്ച് കയറ്റി മദ്യം നല്‍കിയ ശേഷം സുകുമാരക്കുറുപ്പും സംഘവും കൊലപ്പെടുത്തുകയായിരുന്നു. ശേഷം മരിച്ചത് സുകുമാരകുറുപ്പാണെന്ന് വരുത്തിതീര്‍ക്കാന്‍ കാറടക്കം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയെങ്കിലും സുകുമാരക്കുറുപ്പിനെ കുറിച്ച് ഇത് വരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനെ മലയാള സിനിമയില്‍ അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രന്റ മൂന്നാമത് ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ കൂതറ എന്ന ചിത്രമാണ് ശ്രീനാഥ് അവസാനമായി സംവിധാനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല