1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2024

സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ തുടർ നടപടികൾ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐഡി നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അടിയന്തരമായി പുതിയ കാർഡിന് അപേക്ഷിക്കണം. നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്രയും വേഗം ഐസിപിയുടെ ഹാപ്പിനസ് സെന്ററിൽ നേരിട്ടറിയിക്കണം.

നഷ്ടപ്പെട്ട ഐഡി കാർഡ് റദ്ദാക്കുകയും പകരം സ്ഥിരം നമ്പറുള്ള പുതിയ കാർഡിന് അപേക്ഷിക്കുകയും ചെയ്യുകയാണ് ആദ്യ നടപടി. അപേക്ഷകനു കാർഡ് നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കും. സ്വദേശികൾ പാസ്പോർട്ടും കുടുംബ പൗരത്വ വിശദാംശങ്ങളും അടങ്ങിയ രേഖ കാണിക്കണം. ജിസിസി രാജ്യക്കാർ താമസ രേഖയാണ് നൽകേണ്ടത്. വിദേശികൾ പാസ്പോർട്ടും കാലാവധിയുള്ള വീസ പകർപ്പും നൽകണം.15 വയസ്സിനു താഴെയുള്ളവർക്കാണ് പുതിയത് ആവശ്യമെങ്കിൽ ജനന സർട്ടിഫിക്കറ്റും കൂടെ വെള്ള നിറം പശ്ചാത്തലമായുള്ള കളർ ഫോട്ടോയും നൽകി നടപടികൾ പൂർത്തിയാക്കണം.

അതോറിറ്റിയുടെ സ്മാർട് ആപ് വഴിയും അംഗീകൃത ടൈപ്പിങ് സെന്ററിലൂടെയും അപേക്ഷിക്കാം. പുതിയ കാർഡിന് 300 ദിർഹമാണ് നിരക്ക്. പുറമെ 70 ദിർഹം സേവന നിരക്കും സ്ഥാപനങ്ങൾ ഈടാക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ സേവന നിരക്ക് 40 ദിർഹമായി ചുരുങ്ങും. 150 ദിർഹം അധികം നൽകിയാൽ അതിവേഗ സേവനവും ലഭിക്കും.

അപേക്ഷ ലഭിച്ചാൽ 48 മണിക്കൂറിനകം പുതിയതു ലഭിക്കും. പഴയ കാർഡിന്റെ കാലാവധിയായിരിക്കും പകരം ലഭിക്കുന്നതിനും ഉണ്ടാവുക. ഓരോ ഘട്ടത്തിലും അപേക്ഷകനു മൊബൈൽ സന്ദേശം ലഭിക്കും. അതിവേഗ സേവനം വഴി 24 മണിക്കൂറിനകം കാർഡ് കൈപ്പറ്റാം. വിശദാംശങ്ങൾക്ക് ഐസിപിയുടെ 300036005 എന്ന നമ്പരിൽ ബന്ധപ്പെടാം.

പുതിയ ഐഡി കാർഡ് എടുക്കുന്നതു വൈകിയാൽ പിഴയുണ്ട്. കാലാവധി കഴിഞ്ഞ് 30 ദിവസം കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കുമ്പോൾ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹമാണ് പിഴ. പുതിയ തൊഴിലാളികളുടെ ഐഡി കാർഡ് അപേക്ഷ 30 ദിവസത്തിലധികം വൈകിയാലും പ്രതിദിന പിഴ 20 ദിർഹമാണ്. പരമാവധി 1000 ദിർഹം വരെയാണ് ഈ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുക.

അതോറിറ്റിയുടെ കാര്യാലയങ്ങളിൽ സമർപ്പിക്കുന്ന രേഖകൾ നിയമാനുസൃതമാകണം. വ്യവസ്ഥകൾ പാലിച്ചതാകണം. ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകൾ താമസകുടിയേറ്റ വകുപ്പിലോ മറ്റോ സമർപ്പിച്ചാൽ കമ്പനി പ്രതിനിധിക്ക് (മൻദൂബ്) 500 ദിർഹം പിഴ ചുമത്തും. ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കുന്നതും നിയമപരിധിയിൽ വരും. ഇടപാടുകൾക്ക് ചുമതലപ്പെടുത്തപ്പെട്ട കമ്പനി പ്രതിനിധിയുടെ കാർഡ് പുതുക്കാതിരിക്കുക, കാലഹരണപ്പെട്ട കാർഡ് കാണിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക തുടങ്ങിയവയ്ക്കും 500 ദിർഹം പിഴയുണ്ട്.

സർക്കാർ കാര്യാലയങ്ങളുടെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് 5000 ദിർഹമാണ് പിഴ. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് സഹകരിക്കാതിരുന്നാലും തടസ്സപ്പെടുത്തിയാലും 5000 ദിർഹം പിഴ നൽകണം. അതോറിറ്റി നിശ്ചയിച്ച ഫീസ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും ഇതേ തുകയാണ് പിഴ. ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴ 3000 ദിർഹം. കമ്പനിയുടെ പ്രവർത്തനങ്ങളിൽ പെടാത്ത കാര്യങ്ങൾ കാണിച്ച് ഏതെങ്കിലും തരം വീസ തരപ്പെടുത്താൻ ശ്രമിച്ചാൽ പിഴ 20,000 ദിർഹമായിരിക്കും. അതോറിറ്റി ഈ ഇനത്തിൽ ചുമത്തുന്ന ഏറ്റവും വലിയ പിഴഇതാണ്.

ദുബായ്∙ സ്വദേശികൾക്കു പുറമെ പ്രവാസികൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കെല്ലാം പിഴയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാം.
സ്വന്തം വീസ, ഐഡി കാർഡ് എന്നിവയ്ക്ക് പുറമെ കീഴിലുള്ള തൊഴിലാളികളുടെ ഔദ്യോഗിക തൊഴിൽ, താമസ രേഖകൾക്ക് ചുമത്തിയ പിഴ പിൻവലിക്കാനും അപേക്ഷകൾ നൽകാം. നിശ്ചിത സമയ പരിധിക്കുള്ളിലും മാനദണ്ഡങ്ങൾ പാലിച്ചുമാകണം അപേക്ഷകൾ.

രാജ്യത്തിനു പുറത്ത് മൂന്നു മാസത്തിലധികം താമസിക്കുന്നതിനിടെയാണ് വീസ കാലാവധി തീർന്നതെങ്കിൽ പിഴയിളവുണ്ടാകും. രാജ്യം വിട്ട ശേഷമാണ് ഐഡി കാർഡ് കാലാവധി തീർന്നതെങ്കിൽ മാത്രമാണ് പിഴയിളവ്. ഇതു തെളിയിക്കുന്ന എയർപോർട്ട് എക്സിറ്റ് രേഖ അപേക്ഷയോടൊപ്പം നൽകണം.

കോടതിയിലെ കേസിന്റെ ഫലമായോ മറ്റോ പാസ്പോർട്ട് പിടിച്ചുവച്ച സാഹചര്യത്തിലും ഐഡി കാർഡ്, വീസ സംബന്ധിമായ പിഴയുണ്ടാവില്ല. തടവ് കാലം, നാടുകടത്തപ്പെട്ടതിന്റെ തെളിവ് എന്നീ കോടതി രേഖകളാണ് ഇതിനായി സമർപ്പിക്കേണ്ടത്.

പകർച്ചവ്യാധി, മാരക രോഗം , വൈകല്യം എന്നീ കാരണങ്ങളാൽ കിടപ്പിലായവർക്കും പിഴയിളവിന് അപേക്ഷിക്കാം. മെഡിക്കൽ റിപ്പോർട്ട് പകർപ്പാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. രാജ്യങ്ങളുടെ കോൺസുലേറ്റോ സ്ഥാനപതി, നയതന്ത്ര കാര്യാലയങ്ങളോ നൽകുന്ന രേഖകളും ഇളവിനായി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.