1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2024

സ്വന്തം ലേഖകൻ: വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വാണിജ്യ നിയന്ത്രണ വിഭാഗം കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു, അല്‍ സിദ്ദീഖ് ഏരിയയിലെ ഒരു ഷോപ്പിങ് മാളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 15,000 വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമങ്ങളിലുള്ള ലേഡീസ് ഹാന്‍ഡ്ബാഗുകളും ഷൂകളും ഉള്‍പ്പെടും.

വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും അവ വില്‍പ്പന നടത്തിയ കടകള്‍ ഉടന്‍ അടച്ചുപൂട്ടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കട ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഫര്‍വാനിയയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊമേഴ്സ്യല്‍ ആന്‍ഡ് പ്രഷ്യസ് മെറ്റല്‍സ് കണ്‍ട്രോള്‍ ടീം നടത്തിയ പരിശോധനകളില്‍ നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതായി കണ്ടെത്തി. ഇവിടത്തെ ഷോപ്പിങ് സെന്‍ററുകളില്‍ നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 100ലേറെ വ്യാജ ഹാന്‍ഡ്ബാഗുകള്‍ കണ്ടുകെട്ടി.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അധികൃതരും വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ത്രികക്ഷി കമ്മിറ്റി പ്രവാചകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട അധിക്കാലത്ത് നടത്തിയ പരിശോധനകളിലാണ് വ്യാപകമായി വ്യാജന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ജാബിരിയ്യ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് മുഹമ്മദ് അല്‍ മുതൈരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകളില്‍ നിന്നായി വ്യാജ സാധനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ‘എക്‌സ്‌ചേഞ്ച്’, ‘റിട്ടേണ്‍ പോളിസി’ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ഏതാനും സ്ഥാപനങ്ങള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചു. ഈ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളെന്ന വ്യാജേന വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന്ന നടത്തിയ ഉപഭോക്താക്കളെ വഞ്ചിക്കുകയും കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫൈസല്‍ അല്‍ അന്‍സാരി വ്യക്തമാക്കി. വ്യാജ ഉല്‍പ്പന്നങ്ങളെല്ലാം കണ്ടുകെട്ടുന്നതോടൊപ്പം കടകള്‍ അടച്ചുപൂട്ടുകയും ഉടമയ്‌ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൗരന്മാരും താമസക്കാരുമായ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.