ഗ്രാന്‍ഡ്സ്ളാം ടെന്നിസ് ചരിത്രത്തിലെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ മത്സരമെന്ന് വിശേഷണമാര്ജിച്ച വാശിയേറിയ കലാശപ്പോരാട്ടത്തില്‍ റാഫേല്‍ നദാലിനെതിരെ വീണ്ടും ആവേശോജ്ജ്വല ജയം കുറിച്ച നൊവാക് ദ്യോകോവിച്ച്ആസ്ട്രേലിയന് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി. സാധ്യതകള്‍ മാറിമറിഞ്ഞ, തിരിച്ചുവരവുകള്‍ പലകുറി കണ്ട വീറുറ്റ ഫൈനലില്‍ ടോപ് സീഡും ലോക ഒന്നാം നമ്പറുമായ സെര്ബിയക്കാരന് 5-7, 6-4, 6-2, 6-7, 7-5നാണ് തന്‍െറ അഞ്ചാം ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടത്തിലെത്തിയത്.
ഗ്രാന്‍ഡ്സ്ളാം വേദികളില്‍ ദ്യോകോവിച്ചിന്‍െറ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. റോഡ് ലേവര്‍, പീറ്റ് സാംപ്രാസ്, റോജര്‍ ഫെഡറര്‍, നദാല്‍ എന്നിവരാണ് ദ്യോകോവിച്ചിന് മുമ്പ് തുടരെ മൂന്ന് ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയ താരങ്ങള്‍.. അഞ്ചു മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്നാണ് ഫൈനല്‍ മത്സരം ചരിത്രംകുറിച്ചത്. 2011ല്‍ ആറു ഫൈനലുകളില്‍ നദാലിനെ മുട്ടുകുത്തിച്ച ദ്യോകോവിച്ച് സ്പാനിഷ് താരത്തിനെതിരെ നേടുന്ന തുടര്‍ച്ചയായ ഏഴാംജയമാണിത്. ഇരുവരും 30 തവണ ഏറ്റുമുട്ടിയപ്പോള്‍ ദ്യോകോവിച്ച് 17ാം തവണയാണ് ജയം കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല