സ്വന്തം ലേഖകന്‍: ‘സോറി, ഞാന്‍ പോകുന്നു, എന്റെ മകനെ നോക്കണം,’ നെയ്യാറ്റിന്‍കര കേസില്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യാ കുറിപ്പ്. നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലമ്പലത്തെ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ‘സോറി, ഞാന്‍ പോകുന്നു. എന്റെ മകനെ കൂടി ചേട്ടന്‍ നോക്കിക്കോണം,’ എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
തേങ്ങ കൂട്ടി ഇട്ടിരുന്ന മുറിയിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഡിവൈ.എസ്.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിയ്‌ക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്.
നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാര്‍ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടില്‍ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.
സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുമ്പോള്‍ ഉപയോഗിച്ച കാര്‍ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന്അംബാസിഡര്‍ കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതേതുടര്‍ന്ന് ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഹരികുമാറിന് മേല്‍ കീഴടങ്ങാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ രതീഷും കേസിലെ രണ്ടാം പ്രതി ബിനുവിന്റെ മകനും ഇന്നലെ അറസ്റ്റിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല