സ്വന്തം ലേഖകന്‍: തീവ്രവാദ ആശയങ്ങളോട് ചായ്‌വുണ്ടെന്ന് സംശയിക്കപ്പേടുന്നവര്‍ക്ക് മണികെട്ടാന്‍ ഇ ബ്രേസ്‌ലറ്റ് രംഗത്തിറക്കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍. തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും സാധ്യതയും ഉള്ളവരുടെ ഓരോ നീക്കവും അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം.
കൈകളിലോ കണങ്കാലിലോ ബ്രേസ്‌ലറ്റ് കെട്ടുന്നതോടെ ഇവര്‍ സദാ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലക്കുള്ളിലാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്റെ (ജിപിഎസ്) സഹായത്തോടെയാണ് ഇ ബ്രേസ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. ധരിക്കുന്നയാള്‍ ബ്രേസ്‌ലറ്റ് അഴിക്കാന്‍ ശ്രമിക്കുകയോ മുന്‍കൂട്ടി നിശ്ചയിച്ച അതിര്‍ത്തി വിട്ടു കടന്നുകളയാന്‍ ശ്രമിച്ചാലോ ഉടന്‍ അപായ മണി മുഴക്കാനും സംവിധാനമുണ്ട്.
ഇ ബ്രേസ്‌ലറ്റ് ധരിക്കാന്‍ അര്‍ഹരായ തീവ്രവാദ വലിവുള്ളവരെ കണ്ടെത്തി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്, പൊലീസിന്റെ അന്വേഷണം, നാട്ടുകാര്‍ നല്‍കുന്ന വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണു തീവ്രവാദ ചായ്‌വുള്ളവരെ കണ്ടെത്തുക.
ഇത്തരക്കാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതു വഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, ഗ്വാണ്ടനാമോ ജയിലില്‍ നിന്നു ശിക്ഷ കഴിഞ്ഞു വരുന്ന സൗദി സ്വദേശികളെ ഇത്തരം ബ്രേസ്‌ലെറ്റുകള്‍ ധരിപ്പിക്കുന്നുണ്ട്. ജയിലില്‍നിന്നു കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ചികിത്സക്കുമായി വിട്ടയക്കുന്ന തടവുകാര്‍ക്കും ഇ ബ്രേസ്‌ലറ്റ് ധരിപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ഇസ്‌ലാമിക നിയമത്തിന് അനുസരിച്ചാണ് പുതിയ നീക്കമെന്നും ഇത് സമൂഹനന്മക്കു വേണ്ടിയുള്ളതായതിനാല്‍ അത്യാവശ്യമാണെന്നും ശൂറ കൗണ്‍സില്‍ സുരക്ഷാ സമിതി അംഗം പറഞ്ഞു. കുറ്റവാളികള്‍ അല്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്കു കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതാണു പുതിയ നടപടിയെന്നാണ് സൗദിയുടെ പരമോന്നത ഭരണോപദേശക സമിതിയായ ശൂറയുടെ നിലപാട്. പദ്ധതിക്കു സൗദി മനുഷ്യാവകാശ സമിതിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല