1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2024

സ്വന്തം ലേഖകൻ: യുകെയില്‍ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തില്‍ 86 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇതോടെ 256 ആയി. മുന്‍കരുതലെന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങള്‍ അധികൃതര്‍ എടുത്തു മാറ്റിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും മെയ് 31ന് മുമ്പ് ലക്ഷണങ്ങള്‍ കണ്ടവരാണ്.

ചില രോഗികളുടെ സാമ്പിളുകള്‍ ഇനിയും പരിശോധിക്കേണ്ടതിനാല്‍ നിലവിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് യുകെ എച്ച് എസ് എയുമായി ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയില്‍ നിന്നുള്ള ഡാരന്‍ വില്‍ബി പറഞ്ഞു. ഉപഭോക്താക്കളില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും റീറ്റെയില്‍ ചെയിനുകളിലും വില്‍ക്കുന്ന സാന്‍ഡ് വിച്ചുകളിലും റാപ്പുകളും സാലഡുകളും നിര്‍മ്മാതാക്കള്‍ തിരിച്ചെടുത്തു.

ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 168, സ്കോട്ട് ലന്‍ഡില്‍ 56, വെയില്‍സില്‍ 29, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 3 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളില്‍ സാധാരണയായി കാണുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ- കോളി. ഇവയിലെ ചിലവ നിരുപദ്രവകാരികളാണെങ്കിലും മറ്റുള്ളവ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. നിലവില്‍ ശിഖ ടോക്സിന്‍ ഉത്പാദിപ്പിക്കുന്ന ഇ- കോളി ബാക്ടീരിയ ഗ്രൂപ്പാണ് ജനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിനെ ദോഷകരമായി ബാധിക്കും.

വയറുവേദന, പനി, ഛര്‍ദ്ദി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും കൊച്ചു കുട്ടികളെ ഇവ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല. മിക്കവരും വൈദ്യസഹായം ഇല്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്. ഈ സമയങ്ങളില്‍ ദ്രാവക രൂപത്തില്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അണുബാധ തടയാന്‍ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങളുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്കായി ഭക്ഷണം തയ്യാറാക്കരുത്, ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ ആളുകളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ കഴിഞ്ഞു 48 മണിക്കൂര്‍ വരെ ആളുകള്‍ ജോലിയിലോ സ്കൂളിലോ നഴ്സറിയിലോ മടങ്ങരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.