സ്വന്തം ലേഖകന്‍: നടപടിക്രമങ്ങളിലെ ബലംപിടുത്തം, കേരത്തില്‍ നിന്നുള്ള ഗള്‍ഫ് റിക്രൂട്ട്‌മെന്റുകള്‍ സ്തംഭത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടികാകുന്നു. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച സോഫ്ട്‌വെയറായ ഇ മൈഗ്രേറ്റ് സംവിധാനമാണ് തൊഴിലന്വേഷകര്‍ക്ക് തലവേദനയായിരിക്കുന്നത്.
നിയമത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒരു മാസത്തിലേറെയായി നിലച്ചിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി വിദേശ തൊഴില്‍ദാതാക്കള്‍ അവരുടെ രാജ്യങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമമാണ് വില്ലന്‍. തൊഴില്‍ ദാതാക്കള്‍ പ്രവാസകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് സോഫ്ട്‌വെയറിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ആദ്യപടിയായി തൊഴില്‍ദാതാവ് 80 ഓളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ചോദ്യാവലിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളെക്കുറിച്ചും തൊഴില്‍ ഉടമയെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ട്. എന്നാല്‍ മിക്ക ചോദ്യങ്ങളും ഗള്‍ഫ് മേഖലയിലെ കമ്പനികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രസക്തമാണെന്നാണ് ആരോപണം. പല തൊഴില്‍ദാതാക്കളും തങ്ങളുടെ കമ്പനികളുടെ വിശദാംശങ്ങളെക്കുറിച്ചും വ്യക്തിപരമായ ചോദ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കിടാന്‍ മടിക്കുകയാണ്.
ഓരോ ചോദ്യത്തിനും തൃപ്തികരമായ ഉത്തരം നല്‍കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്താനാകാതെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കേണ്ടി വരും. ഈ ചോദ്യാവലി തൃപ്തികരമായി പൂരിപ്പിച്ചശേഷം വിദേശ തൊഴില്‍ ഉടമകള്‍ രജിസ്‌ട്രേഷനായി തങ്ങളുടെ കമ്പനികളുടെ അസ്സല്‍ പ്രമാണങ്ങളുമായി ഇന്ത്യന്‍ എംബസികളില്‍ നേരിട്ട് ഹാജരാകണം. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന അറബ് വംശജരും ഇതിന് തയ്യാറല്ലെന്നാണ് സൂചന. സോഫ്ട്‌വെയര്‍ പലപ്പോഴും ഹാങ്ങ് ആകുന്നതായും പരാതിയുണ്ട്.
അസ്സല്‍ രേഖകള്‍ പരിശോധിച്ച് ഇന്ത്യന്‍ എംബസികള്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ വിദേശ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുകയുള്ളൂ. അതേസമയം ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ തടസ്സപ്പെടുന്നത് ചൈന, ശ്രീലങ്ക, ഇന്തോനേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ കാര്യമായി മുതലെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല