സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനം പഴയപടി തന്നെ, വീണ്ടും പരാതി പ്രളയം. ഇ മൈഗ്രേറ്റ് സംവിധാനവുമായി ബന്ധപ്പെട്ടു കേന്ദ്രവിദേശകാര്യ മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നതായാണ് പരാതി. സംവിധാനത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ നാമമാത്രമാണെന്നും അപാകതകള്‍ ഇപ്പോഴും തുടരുകയാണെന്നും റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്ന ചെറുകിട കമ്പനിക്കാര്‍ പറയുന്നു.
പരാതികളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും വിദേശകാര്യ മന്ത്രാലയത്തിനേയും ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി പലര്‍ക്കും ലഭിക്കുന്നില്ല. നടപടികളിലെ വ്യവസ്ഥയില്ലായ്മ മൂലം കരാര്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് പലര്‍ക്കും.
ഇന്ത്യയില്‍നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ജൂണ്‍ ഒന്നു മുതലാണ് ഇ മൈഗ്രേറ്റ് സംവിധാനം നടപ്പാക്കിയത്. തുടക്കം മുതല്‍തന്നെ അപാകതകളേറെയെന്ന് പരാതി ഉയര്‍ന്നിരുന്നു. റിക്രൂട്ട്‌മെന്റും അവതാളത്തിലായി. പരാതികള്‍ പെരുകിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് ഇറക്കിയത്.
സംവിധാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.പുതിയ മാറ്റങ്ങള്‍ പ്രകാരം രേഖകള്‍ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിന് ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയാല്‍ മതി. കൂടാതെ എത്ര തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ഇ– മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ വ്യക്തമാക്കേണ്ടതില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല