1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2023

സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും പ്രതിഷേധക്കാര്‍ക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളിലും പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് പോവുന്നത് ഒരു ഭിന്നശേഷിക്കാരന്റെ പണിയോണോയെന്ന് ചോദിച്ച അദ്ദേഹം, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.

നടക്കാന്‍ കഴിയാത്ത ഒരു പാവത്തിനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് തള്ളുന്നതിനെകുറിച്ചല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്. പോലീസ് ലാത്തിചാര്‍ജില്‍ കയ്യോ കാലോ ഉണ്ടോയെന്ന് ആരെങ്കിലും നോക്കുമോ. എന്തിനാണ് ആ പാവത്തിനെ പറഞ്ഞയച്ചത്. പറഞ്ഞയച്ചവര്‍ക്കെതിരാണ് വികാരം ഉയരേണ്ടത്. അതാണ് തെറ്റ്.

കോണ്‍ഗ്രസ് എന്തിനാണ് ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുന്നത്. വേണമെങ്കില്‍ വി.ഡി. സതീശനോ സുധാകരനോ പോയി തല്ലുകൊള്ളട്ടെയെന്ന് പറഞ്ഞ ഇ.പി, അവര്‍ ആരും അതിന് ഉണ്ടാവില്ലെന്നും വടി കണ്ടാല്‍ ഇരുവരും ഓടുമെന്നും പരിഹസിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇ.പിയുടെ പ്രതികരണം.

പ്രതിഷേധക്കാര്‍ക്കുനേരെയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഗണ്‍മാന്‍മാരെ ആക്രമിക്കുന്നത് ശരിയാണോയെന്നായിരുന്നു ഇ.പിയുടെ മറുപടി. വെല്ലുവിളിക്കുന്നത് രണ്ടാമതല്ലേ. എന്തിനാണ് അക്രമം നടത്തുന്നത്. അക്രമത്തെ അപലപിക്കൂകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് പ്രോത്സാഹിപ്പിക്കുന്നത് നാടിനു നല്ലതല്ല.

ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. യൂത്ത് കോണ്‍ഗ്രസുകാരും കെ.എസ്.യുക്കാരും പ്രതിഷേധിക്കുന്നത് എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടാണോയെന്ന് ചോദിച്ച അദ്ദേഹം, അക്രമവാസനയുള്ള ചിലരെ തിരഞ്ഞുപിടിച്ച് കറുത്തതുണിയും കൊടുത്ത് കല്ലുകെട്ടി അയക്കുകയാണെന്നും പറഞ്ഞു. യു.ഡി.എഫുകാര്‍ എല്ലാവരും ഇങ്ങനെയല്ല. കേരളത്തിന്റെ വികസനത്തിന് താല്‍പര്യമുള്ളവര്‍ യു.ഡി.എഫിലുണ്ട്. അവര്‍ മുന്നോട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം : നവകേരള ബസ്സിന് നേരെ പ്രതിഷേധിച്ച് മർദ്ദനമേറ്റ ഭിന്നശേഷിക്കാരനായ യൂത്ത് കോൺ​ഗ്രസ് നേതാവിനെ പരിഹസിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് വിമർശനം. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ മണ്ടല്ലൂര്‍ ആണ് വിമർശനവുമായി രം​ഗത്തെത്തിയത്. വികലാംഗൻ എന്ന പരാമർശം ഇ പി ജയരാജൻ പിൻവലിക്കണം. എൽഡിഎഫ് കൺവീനർ വികലാംഗൻ എന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്നും അജിമോൻ റിപ്പോർട്ടറിനോട് പറഞ്ഞു. അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അജിമോൻ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.