സ്വന്തം ലേഖകൻ: കുവൈത്തിൽ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകൾ, വിധികൾ, എക്സിക്യൂട്ടീവ് ഉത്തരവുകൾ എന്നിവയായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കൈകാര്യം ചെയ്യുക.
ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി പരിഹരിക്കാൻ കഴിയും. അതിനിടെ രാജ്യത്ത് അപ്പീൽ കാലയളവ് 30 ദിവസത്തേക്ക് നീട്ടിയതായി മുഹമ്മദ് അൽ വാസ്മി അറിയിച്ചു. നേരത്തെ കേസുകളുടെ അപ്പീൽ കാലാവധി 20 ദിവസമായിരുന്നു.
കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.
നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന് നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ വീസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വീസിറ്റ് വീസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വീസിറ്റ് വീസയുടെ കാര്യത്തില്‍ നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വീസ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല