സ്വന്തം ലേഖകന്‍: ഇ പോസ്റ്റല്‍ വോട്ടില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. പ്രവാസികള്‍ക്ക് വിദേശത്തുനിന്നുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങളിലെ പുരോഗതിയാണ് കോടതി ആരാഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിച്ചെങ്കിലും പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
പ്രവാസികള്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വ്യവസായി ഡോ. വി.പി. ഷംസീര്‍ നല്‍കിയ ഇടക്കാല ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഇമെയിലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി തപാലില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയയ്ക്കുന്ന സംവിധാനമാണ് ഇതപാല്‍ വോട്ട്. ഇത് പ്രവാസികള്‍ക്ക് അനുവദിക്കാവുന്നതാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഒക്ടോബറില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 60(സി) വകുപ്പില്‍ പറയുന്ന പ്രത്യേക വോട്ടര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി സൈനികര്‍ക്കും കേന്ദ്ര ജീവനക്കാര്‍ക്കും ഇതപാല്‍ വോട്ട് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും പ്രവാസികളെ ഒഴിവാക്കി.
കേന്ദ്രം പ്രവാസികളെ അവഗണിക്കുകയാണെന്ന് ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും അഡ്വ. ഹാരീസ് ബീരാനും വാദിച്ചു. എന്നാല്‍, ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍വീസ് വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കിയതെന്നും പ്രവാസികളുടെ കാര്യത്തില്‍ നിയമഭേദഗതിതന്നെ വേണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രവും അറിയിച്ചു.
ഈ സാഹചര്യത്തിലാണ് നിയമഭേദഗതിയുടെ പുരോഗതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിയമഭേദഗതിക്കായി ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല