1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റന്‍റ് ഇ-സിം ഓഫറുമായി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇ&. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് ഇ-സിമ്മിന്‍റെ പ്രത്യേകത. മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വ്യക്തിയുടെ പേരില്‍ അപ്പോള്‍ തന്നെ സിം ആക്ടിവേറ്റാവുകയും ചെയ്യും.

യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വഴി കടന്നുപോകുമ്പോള്‍ തന്നെ അവരുടെ ‘ഫ്രീ വീസിറ്റര്‍ ലൈന്‍ ഇ-സിം’ സജീവമാക്കാന്‍ കഴിയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഇ& പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സൗജന്യ ഇ-സിമ്മില്‍ 10 ജിബി കോംപ്ലിമെന്‍ററി ഡാറ്റയും ഉള്‍പ്പെടും. ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ള ഈ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അവശ്യ സേവനങ്ങള്‍ ഉടനടി ആക്സസ് ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെത്തുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് പുതിയ സിം എടുക്കാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യം വരില്ലെന്നതാണ് ഇതിന്‍റെ പ്രധാന ഗുണങ്ങളിലൊന്ന്. എന്നു മാത്രമല്ല, തിരിച്ചറിയല്‍ രേഖകളും ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവയും നല്‍കാതെ തന്നെ സിം ആക്ടിവേഷന്‍ സാധ്യമാവുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ദുബായില്‍ മാത്രം 17.15 ദശലക്ഷത്തിലധികം അന്തര്‍ദേശീയ സന്ദര്‍ശകര്‍ എത്തിയതായി ദുബായിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡിഇടി) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ അബുദാബിയില്‍ 3.8 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെത്തി. സിം വിമാനത്താവളത്തില്‍ വച്ചു തന്നെ എളുപ്പത്തില്‍ ലഭിക്കുന്നുവെന്നത് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

സൗജന്യ വീസിറ്റര്‍ ലൈന്‍ ഇ-സിമ്മുകള്‍ക്കായി ഒരു സ്വയം ആക്ടിവേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള തങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഇ & ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് എല്‍ഖൗലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തെയും നവീകരണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയുമാണ് ഇത് പ്രകടമാക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് തങ്ങള്‍ നല്‍കുന്ന സേവനം ഇക്കാര്യത്തില്‍ പുതിയ മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.