സ്വന്തം ലേഖകൻ: ഗള്‍ഫ് കോ ഓപ്പറേഷന് കൗണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി 30 ദിവസത്തെ ഇ – വീസ മതിയാവും. പക്ഷെ ഇതിന് ഒരു നിബന്ധന അധകൃകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ അവരുടെ താമസ വീസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായാണിത്.
യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ യാത്രയ്ക്ക് മുമ്പ് ഒരു ഇ-വീസ നേടിയിരിക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഇവീസയില് രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസം അനുവദിക്കും. അതിനു ശേഷം അധികമായി 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് ആറ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, യുഎഇയിലേക്കുള്ള ഇ വീസ ലഭിച്ചതിനു ശേഷം പ്രവാസിയുടെ ജിസിസിയിലെ താമസ വീസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍, ആ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, എന്‍ട്രി പെര്‍മിറ്റ് നല്‍കിയതിന് ശേഷം പ്രവാസിയുടെ തൊഴില്‍ മാറിയെന്ന് കണ്ടെത്തിയാലും ഈ വീസയില്‍ പ്രവേശനം നിഷേധിക്കപ്പെടും.
യുഎഇയിലെ എയര്‍പോര്‍ട്ടിലോ തുറമുഖത്തോ കര അതിര്‍ത്തിയിലോ എത്തുമ്പോള്‍ ജിസിസിയിലെ താമസ വീസയുടെ സാധുത കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണം എന്നതിനു പുറമെ യുഎഇയില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലേക്കുള്ള പ്രവേശനത്തിന് ഇ-വീസ നേടുന്നതിന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റ് വഴിയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) സ്മാര്‍ട്ട് ചാനലുകള്‍ വഴിയോ അപേക്ഷിക്കാം.
അപേക്ഷ പ്രോസസ്സ് ചെയ്ത് അംഗീകരിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് ഇ-വീസ അയയ്ക്കും. സ്പോണ്സര് അവരോടൊപ്പം യാത്ര ചെയ്യുന്നില്ലെങ്കില്‍ ജിസിസി പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കോ ഗാര്‍ഹിക തൊഴിലാളി കള്‍ക്കോ കൂട്ടുകാര്‍ക്കോ വീസ അനുവദിക്കുകയില്ല. അതേസമയം, ജിസിസി പൗരന്മാരെ അനുഗമിക്കുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതല്‍ 60 ദിവസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല