1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കും ടൂറിസം ഇ-വീസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖതീബ്. ഇന്ത്യയും സൗദിയും തമ്മിൽ ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അബഹയിൽ സൗദിയുടെ ടൂറിസം പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താനായാണ് മന്ത്രി അഹ്‌മദ് അൽ ഖതീബ് എത്തിയത്.

‘ഇന്ത്യൻ മാർക്കറ്റ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഞങ്ങളെന്തായാലും ശ്രദ്ധിക്കും. ഇത് ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. ഇതേ കുറിച്ച് ധാരണയുണ്ട്. ഇന്ത്യക്കാരും അതിൽ ഉൾപ്പെടാൻ വേണ്ടി നോക്കും’ അഹ്‌മദ് അൽ ഖതീബ് വ്യക്തമാക്കി. നിലവിൽ ഷെങ്കൻ, യുഎസ്, യുകെ വീസയുള്ള ഇന്ത്യക്കാർക്കിത് നിലവിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയും സൗദിയും ടൂറിസം രംഗത്ത് സഹകരണം ശക്തമാക്കുകയാണ്. ഇതിന് മീഡിയവൺ ഉൾപ്പെടെ മാധ്യമങ്ങൾക്കും ഒട്ടേറെ പിന്തുണ നൽകാനാകും. ഇന്ത്യയിൽ സൗദി ടൂറിസം മന്ത്രാലയം മുംബൈയിലും ഡൽഹിയിലും സ്വന്തം ഓഫീസ് തുറന്നതും സഹകരണം ശക്തമാക്കുന്നതിന്റെ സൂചനയാണ്. അദ്ദേഹം തുടർന്നു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ വർഷം മുതൽ വേനൽക്കാല വിനോദ പരിപാടികൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ചൂടിലിരിക്കുമ്പോൾ തണുപ്പുള്ള കാലാവസ്ഥയും മഴയുമുള്ള അബഹയാണ് വാർത്താ സമ്മേളനത്തിനായി മന്ത്രാലയം തെരഞ്ഞെടുത്തത്.

ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ചയുള്ളത് സൗദിയിലാണെന്നും ഈ വര്‍ഷം ആദ്യ പകുതിയോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ഇത് മൂന്നു ശതമാനമായിരുന്നു. സ്വകാര്യ മേഖലയ്ക്ക് പിന്തുണ നല്‍കാന്‍ ടൂറിസം വികസന നിധി സ്ഥാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ചതാണ് ടൂറിസം മേഖലയിലെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. സൗദി ജനത ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുകയും ആതിഥ്യമരുളുകയും ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറു കോടി വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. ഇവര്‍ 15,000 കോടി റിയാലാണ് സൗദിയിൽ ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.