സ്വന്തം ലേഖകന്‍: ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്. ആഗോള താപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ ശനിയാഴ്ച രാത്രി അതാതു പ്രാദേശിക സമയം 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ലൈറ്റുകളും അണയ്ക്കും.
ലോകവ്യാപകമായി 7000 നഗരങ്ങളിലെ കോടിക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് 8.30നും 9.30നും ഇടയിലാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ഇത്തവണ മാര്‍ച്ച് 25 ശനിയാഴ്ച്ച രാത്രി 8.30നാണ് വിളക്കുകള്‍ അണയ്ക്കുക. കാലാവസ്ഥാ വ്യതിയാനം ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) മുന്നോട്ടുവച്ച ലോകത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ക്യാംപെയിനായ ‘എര്‍ത്ത് അവറിന്’ 2017ല്‍ പത്ത് വയസ് തികയുകയാണ്.
2007 മാര്‍ച്ച് 31 ന് 7.30 ന് സിഡ്‌നിയിലാണ് ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. പിന്നീട് അതേ വര്‍ഷം ഒക്‌റ്റോബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും വിളക്കുകള്‍ അണഞ്ഞു. പരിപാടി വിജയകരമായതോടെ 2008 മാര്‍ച്ച് 29ന് രാത്രി 8 മുതല്‍ 9 വരെ ലോകവ്യാപകമായി ഭൗമ മണിക്കൂര്‍ സംഘടിപ്പിച്ചു. 26 പ്രധാന നഗരങ്ങളും 300 ചെറിയ നഗരങ്ങളും പരിപാടിയില്‍ പങ്കാളികളായി. 2011 ലാണ് ഇന്ത്യയില്‍ ആദ്യമായി ഭൗമമണിക്കൂര്‍ ആചരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല