സ്വന്തം ലേഖകൻ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനമാണെന്ന വിവരമാണ് റവന്യൂ അധികൃതര്‍ നല്‍കുന്നത്. ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത രേഖപ്പെടുത്തിയിട്ടില്ല.
കുന്നംകുളം, ഗുരുവായൂര്‍, കാട്ടകാമ്പാല്‍, എരുമപ്പെട്ടി, ചൊവ്വന്നൂര്‍, വേലൂര്‍, കടവല്ലൂര്‍, പോര്‍ക്കുളം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ 3.55-ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കവും വിറയലും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച രാവിലെയുണ്ടായപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെയുണ്ടായ ചലനം പലരും അറിഞ്ഞിരുന്നില്ല. പരസ്പരം പറഞ്ഞാണ് ഭൂചലനമുണ്ടായത് ഭൂരിഭാഗം പേരും അറിഞ്ഞത്. പാവറട്ടി വെന്മേനാടാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ റവന്യൂ അധികൃതര്‍ പറയുന്നു. വീടുകള്‍ക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കണമെന്ന് റവന്യൂ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
പാലക്കാട് ജില്ലയിലെ വിവിധഭാഗങ്ങളിലും തുടര്‍ച്ചയായ രണ്ടാംദിവസവും ഭൂചലനമുണ്ടായി. തൃത്താല, ആനക്കര, കപ്പൂര്‍, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസവും ഇതേ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മുറിക്കുള്ളില്‍ ഇരുന്നവര്‍ക്ക് കസേരകള്‍ ഇളകുന്നതായി തോന്നിയെന്നും അടുക്കളയിലെ പാത്രങ്ങള്‍ ഇളകിയതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസത്തെ ഭൂചലനത്തില്‍ പാലക്കാട് ജില്ലയില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല