മെക്സിക്കോ നഗര ഹൃദയത്തില്‍ കെട്ടിടനിര്‍മാണത്തിനു യോജിച്ച സ്ഥലം കിട്ടാനില്ലെങ്കില്‍ എന്തു ചെയ്യും? ഭൂമി തുരന്നിറങ്ങി കെട്ടിടം കെട്ടുമെന്നു മെക്സിക്കന്‍ ഡിസൈനര്‍മാര്‍. ഭൂനിരപ്പില്‍നിന്നു 300 മീറ്റര്‍ താഴേക്കു നീളുന്ന 65 നിലക്കെട്ടിടത്തിന്റെ പ്ളാന്‍ മെക്സിക്കോയില്‍ തയാറായതായി റിപ്പോര്‍ട്ട്.
മെക്സിക്കോയില്‍ ചരിത്രപ്രാധാന്യമേറിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനു വിലക്കുണ്ട്. പുതിയ കെട്ടിടങ്ങള്‍ എട്ടു നിലയിലധികമാകാനും പാടില്ല. ഈ സാഹചര്യത്തിലാണു തലകീഴായ പിരമിഡിന്റെ ആകൃതിയില്‍ കെട്ടിടസമുച്ചയം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലാണു തലകീഴായ മന്ദിരനിര്‍മാണത്തിന് അരങ്ങൊരുങ്ങുന്നത്. ഭുനിരപ്പില്‍നിന്നു തൊട്ടു താഴെയുളള 10 നിലകള്‍ വീടുകള്‍, കടകള്‍, മ്യുസിയം എന്നിവയ്ക്കായി ഉപയോഗിക്കും. തുടര്‍ന്നുളള നിലകളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. മെക്സിക്കോയില്‍ നിലവിലുളള കെട്ടിടനിര്‍മാണചട്ടങ്ങള്‍ ലംഘിക്കുന്ന പ്ളാനാണ് എര്‍ത്ത് സ്ക്രാപ്പറിന്റേത്. കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഗ്ളാസുപയോഗിച്ചു നിര്‍മിക്കാനാണു പദ്ധതി. പുറംലോകത്തുനിന്നു കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നതിന് ഇതു സഹായകമാ വും.
മെക്സിക്കോയുടെയും അവിടത്തെ പിരമിഡുകളുടെയും ചരിത്രം വ്യക്തമാക്കുന്ന ഒരു മ്യൂസിയവും സാംസ്കാരിക വിനിമയ കേന്ദ്രവും എല്‍ത്ത് സ്ക്രാപ്പറില്‍ രൂപപ്പെടുത്തും. നഗരചരിത്രം ലഭ്യമാകുന്ന ഒരു കേന്ദ്രത്തിന്റെ നിര്‍മാണവും അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്നു. അതിനും നിലവില്‍ ഭൂനിരപ്പില്‍ മതിയായ സ്ഥലം കിട്ടാതെ വന്നു. ഈ സാഹചര്യം പരിഗണിച്ചാണ് എര്‍ത്ത് സ്ക്രാപ്പര്‍ നിര്‍മാണത്തിനൊരുങ്ങുന്നത്.
സിറ്റി സ്ക്വയറിന്റെ എല്ലാ തനിമയും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണു നഗരഹൃദയത്തില്‍ ഭൂഗര്‍ഭമാളിക ഒരുക്കുന്നത്. തലതിരിഞ്ഞ പിരമിഡ് ആകൃതിയിലുളള കെട്ടിടസമുച്ചയത്തിന്റെ മുകള്‍ഭാഗം ഒരു ഗ്രൌണ്ട് പോലെ ഉപയോഗിക്കാം. പുരാതന മെക്സി ക്കോ യില്‍ ആസ്ടെ ക്കുകള്‍ വന്‍ പിരമിഡു കള്‍ നിര്‍മിച്ചിരുന്നു. പിന്നീട് സ്പാനിഷുകാര്‍ ആസ്ടെക്കുകളെ കീഴടക്കി; പിരമിഡുകള്‍ക്കു മുകളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിതു.
പുരാതന മെക്സിക്കോയില്‍ ഭീമന്‍ പിരമിഡുകള്‍ ഉണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. മെക്സിക്കന്‍ താഴ്വരയിലെത്തിയ ആസ്ടെക്കുകള്‍ തടാകതീരത്തു പിരമിഡുകള്‍ നിര്‍മിച്ചിരുന്നുവെന്നുചരിത്രം. ആസ്ടെക് സാമ്രാജ്യം കരുത്താര്‍ജിച്ചപ്പോള്‍ വലിയ പിരമിഡുകള്‍ പിന്നെയും തല പൊക്കി. പിന്നീടു സ്പെയിന്‍കാര്‍ ആസ്ടെക്കുകളെ കീഴടക്കി. പഴയ ചരിത്രമന്ദിരങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ പൊളിക്കപ്പെട്ടു. അവയ്ക്കു മുകളില്‍ പുതിയ പുതിയ മന്ദിരങ്ങള്‍ ഉയര്‍ന്നു. കൊളനി വാഴ്ചയുടെ അടയാളങ്ങള്‍ മങ്ങിയും തെളിഞ്ഞും ഇന്നും അവിടവിടെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല