സ്വന്തം ലേഖകന്‍: മെക്‌സിക്കോയെ പിടിച്ചു കുലുക്കി വന്‍ ഭൂകമ്പം. മരണം 58 കടന്നു, സുനാമി മുന്നറിയിപ്പ്. ഭൂചലനത്തില്‍ ഇരുന്നൂറോളം പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വെ പിന നിയറ്റോ അറിയിച്ചു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് മെക്‌സിക്കോ തീരത്ത് 2.3 അടി ഉയരത്തില്‍ സൂനാമി ഉണ്ടായതായും ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തമായ സുനാമി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഭൂകമ്പത്തില്‍ തെക്കന്‍ മെക്‌സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്. പിജിജിയില്‍നിന്നു 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് മെക്‌സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതര്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു.അര്‍ദ്ധരാത്രിയുണ്ടായ ഭൂകമ്പത്തില്‍ ഭയന്ന ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി റിപ്പോര്‍ട്ടുണ്ട്. പലയിടത്തും വൈദ്യുതി, ഗതാഗത ബന്ധങ്ങള്‍ താറുമാറായി.1985 നു ശേഷം മെക്‌സിക്കോ നേരിടുന്ന ശക്തമായ ഭൂചലനമാണിത്. അന്നത്തെ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല