ഭൂകമ്പം മുന്‍കൂട്ടി പ്രവചിക്കാത്തതിന് ഇറ്റലിയിലെ ശാസ്ത്രജ്ഞാന്മാരെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യുന്നു. മധ്യ ഇറ്റലിയിലെ എല്‍ എക്വില നഗരത്തില്‍ 2009 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ മുന്നൂറിലധികംപേര്‍ മരിച്ചതിന്റെ പേരിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞന്മാരും അടക്കം ഏഴു പേര് കോടതി കയറുന്നത്.
ഭൂകമ്പത്തിനു മുമ്പ് പ്രദേശവാസികള്‍ക്ക് അപൂര്‍ണവും പരസ്പരവിരുദ്ധവുമായ വിവരങ്ങളാണ് ഇവര്‍ നല്‍കിയതെന്നു പ്രോസിക്യൂഷന് ആരോപിച്ചു. ഭൂകമ്പം അനുഭവപ്പെടുന്നതിനു മുമ്പ് ജനങ്ങള്‍ വീടുകള്‍ ഒഴിയുന്നതിനു ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പു നല്‍കിയില്ല.
അതേസമയം ഭൂകമ്പം കൃത്യമായി പ്രവചിക്കാനാവില്ലെന്നാണ് വിചാരണ നേരിടുന്നവരുടെ വാദം. തങ്ങളുടെ വാദങ്ങള്‍ക്കു ലോകവ്യാപക പിന്തുണ ഇവര്‍ തേടുന്നുണ്ട്. വിചാരണ നേരിടുന്നവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം രാജ്യാന്തര ഗവേഷകര്‍ നിവേദനം നല്‍കിയിരുന്നു.
ഇത്തരം നിയമനടപടികള്‍ ശാസ്ത്രജ്ഞന്മാരെ അഭിപ്രായം പറയുന്നതില്‍നിന്നു പിന്തിരിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ കേസില്‍ വാദംകേട്ട കോടതി അടുത്ത വിചാരണ ഒക്ടോബര്‍ ഒന്നിലേക്കു മാറ്റിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല