വിശ്വാസികള്‍ ഈസ്റ്ററിന് പള്ളിയില്‍ പോകാതെ വീട്ടിലിരുന്ന് ആസ്വദിച്ചും ചോക്കളേറ്റ് കഴിച്ചും ചിലവഴിക്കാന്‍ വികാരിയച്ചന്‍. ഒന്നോര്‍ത്തുനോക്കൂ ഏതെങ്കിലും ഒരു ഇടയനില്‍നിന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം കിട്ടുമെന്ന് നിങ്ങള്‍ക്ക് ആലോചിയ്ക്കാന്‍ കഴിയുമോ? പക്ഷെ, ഈസ്റ്റ് സസ്സെക്സിലെ ഹോവ് ഓള്‍ സെയിന്റ്സ് ആന്ഗ്ലിക്കന്‍ പള്ളിയിലെ മൂന്ന് അച്ചന്മാരിലൊരാളും മൂന്നു കുട്ടികളുടെ പിതാവുമായ ഫാദര്‍ ഫില്‍ റിച്ചി തന്റെ ഈസ്റ്റര്‍ സന്ദേശം ഇങ്ങനെ വിചിത്രമായ രീതിയിലാണ് നല്‍കുന്നത്.
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മകളാല്‍ അന്തരീക്ഷം ഭക്തിനിര്‍ഭരമായ ഈ സമയത്തുതന്നെ അച്ചന്‍ ഇങ്ങനെയൊരു സന്ദേശം നല്‍കിയത് പലരേയും അങ്കലാപ്പിലാക്കിയിരിയ്ക്കയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, വര്‍ഷങ്ങളായി ഈസ്റ്റര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തതില്‍ നിന്നും, പള്ളീയില്‍ ഈസ്റ്റര്‍ ഞായറാഴ്ചകളില്‍ വരുന്ന ഭൂരിഭാഗം പേരും എന്തൊ ചടങ്ങു തീര്‍ക്കാന്‍ വരുന്നതു പോലെയാണ് അദ്ദേഹത്തിന് ഫീല്‍ ചെയ്തിട്ടുള്ളതത്രെ. പ്രാര്‍ത്ഥനകള്‍ നടക്കുമ്പോഴും തങ്ങളുടെ വീടുകളില്‍ ചെയ്യേണ്ട ആഘോഷങ്ങളെക്കുറിച്ചാണ് വിശ്വാസികളുടെ വേവലാതികള്‍.
അങ്ങനെ ആളുകളെ പള്ളിയില്‍ കെട്ടിയിടുന്നതുപോലെ നിര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നാണ് ഫാദര്‍ റിച്ചിയുടെ അഭിപ്രായം. നിങ്ങള്‍ വീടുകള്‍ അലങ്കരിയ്ക്കുക, നല്ല ഭക്ഷണം പാകം ചെയ്യുക, മധുരപലഹാരങ്ങളും കഴിയ്ക്കുക, പിന്നീട് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ( സെക്സ് അടക്കമുള്ള ) കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നാണ് ഫാദര്‍ തന്റെ പള്ളിയിലെത്തിയ വിശ്വാസികളെ ഓര്‍മിപ്പിച്ചത്.
അല്ലെങ്കില്‍ തന്നെ ആളില്ലാ പള്ളികള്‍ക്ക് പേര് കേട്ട ഇംഗ്ലണ്ടില്‍ വികാരിയച്ചന്റെ ഈ ആഹ്വാനം ഏറെ വിവാദം സൃഷ്ട്ടിച്ചിരുക്കുകയാണ്.പ്രതി വര്‍ഷം ശരാശരി അഞ്ചു ലക്ഷം പേരാണ് ബ്രിട്ടനില്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നതെന്ന വാര്‍ത്ത വന്നത് അടുത്ത കാലത്താണ്.2007ല്‍ നടത്തിയ ഒരു കണക്കെടുപ്പില്‍ ശരാശരി 11,60,000 വിശ്വാസികളെങ്കിലും ഇംഗ്ലണ്ടിലെ പള്ളികളില്‍ എത്തിയിരുന്നു. എന്നാല്‍ 2010ലിത് 9,23,700 ആയി കുറയുകയാണ് ചെയ്തത്. ഇതുതന്നെ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിന്റെ പകുതിയാണ്. ഇങ്ങനെ പോവുകയാണെങ്കില്‍, 10-15 കൊല്ലങ്ങള്‍ക്കുള്ളിൽ പല പള്ളികളും അടച്ചുപൂട്ടേണ്ടിവരുമോ എന്ന ഭീഷണി നിലനില്‍ക്കുമ്പോഴാണ് ഫാദര്‍ റിച്ചി തന്റെ തലതിരിഞ്ഞ നിര്‍ദ്ദേശവുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല