റൊമാനിയയില്‍ നിന്നും തൊഴിലന്വേഷിച്ചെത്തുന്ന ആളുകള്‍ ബ്രിട്ടന്‍ താവളമാക്കുന്നുവെന്ന് തെളിഞ്ഞു. ബ്രിട്ടനിലെ 7082 പോസ്റ്റുകളിലേക്കായി ഏതാണ്ട് 15,200 റൊമാനിയക്കാര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് ഒരു ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സര്‍വ്വീസിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്നത്.
നാലില്‍ ഒരു റൊമാനിയക്കാരനും ബ്രിട്ടനില്‍ ജോലിനേടാനാണ് താല്‍പ്പര്യപ്പെടുന്നത്. ടിജോബ്‌സ്.റോയുടെ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടനിലെ തൊഴിലവസരങ്ങളെക്കുറിച്ച് ഏറ്റവുമധികം പരസ്യങ്ങള്‍ നല്‍കുന്നതും ഏറ്റവുമധികം അപേക്ഷകള്‍ വരുന്നതും റൊമാനിയയില്‍ നിന്നാണ് എന്നതും വ്യക്തമായിട്ടുണ്ട്. നേരത്തേ ഇറ്റലിയായിരുന്നു റൊമാനിയര്‍ തൊഴിലന്വേഷകരുടെ ഇഷ്ടരാജ്യം.
നിലവില്‍ നിരവധി കുടിയേറ്റത്തൊഴിലാളികളാണ് ബ്രിട്ടനിലേക്ക് ഒഴുകിയെത്തുന്നത്. രണ്ടാംസ്ഥാനത്തുള്ളത് ജര്‍മ്മനിയാണ്. 9200 റൊമാനിയക്കാരാണ് ജര്‍മ്മനിയില്‍ ജോലിലഭിക്കാനായി അപേക്ഷിച്ചിട്ടുള്ളത്. ജോബ് ഫെയറിലെത്തിയ മരിയ ടൊഡെറര്‍ എന്ന റുമേനിയക്കാരി നിലവിലെ സ്ഥിതി കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. റൊമാനിയയില്‍ തനിക്ക് ജോലികിട്ടാന്‍ പ്രയാസമാണെന്ന് മരിയ പറയുന്നു.
വേതനം കുറഞ്ഞ ജോലികള്‍ക്കുപോലും കടുത്ത മല്‍സരമാണ്. അതുകൊണ്ട്തന്നെയാണ് യു.കെയെ ഏവരും ലക്ഷ്യമിടുന്നത്.മേയ് മാസത്തില്‍ ജോലി ലഭിക്കാനായി അപേക്ഷിച്ച 62,000 പേരില്‍ ഒരാളാണ് മരിയ. കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലേക്കാണ് ആളുകള്‍ അധികവും അപേക്ഷിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല