സിയറ ലിയോണില്‍ വച്ച് എബോള ബാധിതയായ സ്കോട്ലന്ഡുകാരിയായ നഴ്സ് പൗളിന് കാഫര്കിക്ക് ജോലിയില്‍ തുടരാന്‍ വിലക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ എബോളയില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിച്ച പൗളിന് എഡിന്‍ബര്‍ഗിലെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിനു മുമ്പാകെ ഹാജരായിരുന്നു.
ഹിയറിംഗ് കഴിഞ്ഞു മടങ്ങും വഴി പൗളിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ആഫ്രിക്കയിലെ എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയ നഴ്സുമാരെ സര്‍വീസിലേക്ക് തിരിച്ചെടുക്കുന്നതിന് മുമ്പുള്ള അന്വേഷണം നടത്തുന്ന പാനല്‍ പൗളിന് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടയാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ താല്‍ക്കാലിക വിലക്ക് ഏര്പ്പെടുത്തണ്ട എന്നാണ് കൗണ്‍സിലിന്റെ തീരുമാനമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ വക്താവ് അറിയിച്ചു. പൗളിന് സ്വന്തം ഇഷ്ടം പോലെ എപ്പോള്‍ വേണമെങ്കിലും ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
സിയറലിയോണില്‍ നിന്ന് മടങ്ങി എത്തിയതിനു ശേഷം ഡിസംബര്‍ 29 നാണ് പൗളീനെ എബോള ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു മാസം ഐസോലേഷന് വാര്‍ഡിലായിരുന്നു പൗളീന് ചെലവഴിച്ചത്. അതില്‍ രണ്ടാഴ്ച അതീവ ഗുരുതരാവസ്ഥയിലും ആയിരുന്നു.
സിയറലിയോണില്‍ വൈദ്യ സേവനത്തിനു ശേഷം മടങ്ങിയ നാലു നഴ്സുമാര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ ആണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല