അമേരിക്ക ഉള്‍പ്പെടെ ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളുടെയെല്ലാം വളര്‍ച്ച മന്ദഗതിയിലാണെന്ന് സാമ്പത്തിക സഹകരണ വികസന സംഘടനയുടെ സൂചിക (ഒ.ഇ.സി.ഡി.) മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക വളര്‍ച്ചയും ലോക വ്യാപാരവും ത്വരപ്പെടുത്താനും സാമ്പത്തിക രംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കാനുമായി രൂപവത്കരിക്കപ്പെട്ട ആഗോള കൂട്ടായ്മയാണ് ഒ.ഇ.സി.ഡി.
സംഘടനയില്‍ അംഗമായ രാജ്യങ്ങള്‍ക്കുപുറമേ മറ്റു പ്രധാന രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കും സൂചികയിലുണ്ട്. യു.എസ്, ജപ്പാന്‍, റഷ്യ തുടങ്ങിയ മുന്‍നിര സാമ്പത്തിക ശക്തികളുടെ സാമ്പത്തിക വളര്‍ച്ച ദീര്‍ഘകാലത്തെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പതുക്കെയാണ്. യൂറോസോണ്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവയുടെയും ബ്രിട്ടന്‍, ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെയും വളര്‍ച്ച ഇക്കണക്കനുസരിച്ച് കുത്തനെ ഇടിഞ്ഞെന്നും സൂചിക പറയുന്നു. ഇതില്‍ ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സംഘടനയില്‍ അംഗമല്ല.
എന്നാല്‍ മാര്‍ച്ചിലെ ഭൂകമ്പത്തിനുശേഷം മൂന്നാം പാദത്തില്‍ ജപ്പാന്റെ സാമ്പത്തികവളര്‍ച്ച തിരിച്ചു വരവിന്റെ പാതയിലാണെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. സപ്തംബറില്‍ അവസാനിക്കുന്ന മൂന്നുമാസത്തെ കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര മൊത്ത വരുമാനം 1.5 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് വാര്‍ഷിക വളര്‍ച്ച ആറു ശതമാനമാകുമെന്നും ഒ.ഇ.സി.ഡി. പ്രവചിക്കുന്നു. അതേ സമയം ജപ്പാന്റെ നാണയമായ യെന്നിന്റെ മൂല്യം ഉയരുന്നതും ലോക സാമ്പത്തിക വ്യവസ്ഥയിലെ മാധ്യമ സൂചനകളും ഈ മുന്നേറ്റത്തിന് തടസ്സമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല