സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി. നാഷണല്‍ വേജ് ഉയര്‍ത്തിയതിനൊപ്പം തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് കൂടി വര്‍ധിപ്പിച്ച ഇരട്ട പ്രഹരമാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. 2020-ലെ കോവിഡിന്റെ തുടക്കത്തില്‍ കണ്ടതിന് തുല്യമായ നിലയിലുള്ള കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കെപിഎംജിയുടെയും റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും (ആര്‍ഇസി) റിപ്പോര്‍ട്ട് അനുസരിച്ച് ബിസിനസുകള്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതുമൂലം, പുതിയ ജീവനക്കാരുടെ ആവശ്യം കുത്തനെ കുറഞ്ഞു. ബിസിനസുകളുടെ വളര്‍ച്ചയെ കുറിച്ച് പൂര്‍ണമായ ചിത്രം ലഭിക്കാത്തതിനാല്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പല കമ്പനികളും ഇപ്പോള്‍ മടിക്കുകയാണ്.
സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ മാന്ദ്യം വെല്ലുവിളി ഉയര്‍ത്തുന്നു. പുതിയ ബജറ്റ് നയങ്ങളുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചുവരുന്ന ചെലവുകളുടെ ഭാഗമായി പല ബിസിനസ്സുകളും നിയമന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതായി കെപിഎംജിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ഹോള്‍ട്ട് പറഞ്ഞു. ഈ പ്രവണത യുകെ തൊഴില്‍ വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തെ ചൂണ്ടിക്കാട്ടുന്നു.
സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള വാഗ്ദാനങ്ങള്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയിരുന്നെങ്കിലും ഒക്ടോബര്‍ ബജറ്റിലെ ബിസിനസ് നികുതിയിലെ വര്‍ദ്ധനവ് ബിസിനസ്സ് നേതാക്കളുടെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തെ കമ്പനികളുടെ ബിസിനസ് പ്രകടനങ്ങള്‍ അളക്കുന്ന ബി.ഡി.ഒയുടെ ഔട്ട്‌പുട്ട് സൂചിക, നിലവില്‍ 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. “സുവര്‍ണ്ണ പാദം” എന്ന് കണക്കാക്കുന്ന ക്രിസ്മസ് സീസണു പോലും ഈ തകര്‍ച്ചയെ തടയാന്‍ സാധിച്ചിട്ടില്ല.
2025 ഏപ്രില്‍ മുതല്‍ നാഷണല്‍ വേജ് മണിക്കൂറില്‍ 12.21 പൗണ്ടാക്കി. ഇത് കൂടാതെയാണ് ഇന്‍ഷുറന്‍സ് വര്‍ധനയുടെ അധികഭാരം കൂടി തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടി വരുക. ഇതോടെ ഒരു ജീവനക്കാരന് മണിക്കൂറില്‍ 15 പൗണ്ടിലേറെ ചെലവഴിക്കേണ്ടിവരും. ഇത് ചെറുകിട ബിസിനസുകളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കുമോയെന്ന ആശങ്കയും ശക്തമാണ്. വലിയ ബിസിനസുകള്‍ക്കു തങ്ങളുടെ ലാഭത്തില്‍ കുറവുവരുമെങ്കിലും പിടിച്ചു നില്‍ക്കാനാവും എന്നാല്‍ സമ്പദ്‌വ്യവസ്ഥയയുടെ പ്രധാന വിഭാഗമായ ചെറുകിട ബിസിനസുകളുടെ ഭാവി വലിയ ചോദ്യചിഹ്നമാവും.
ഇതിനെ നേരിടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനം ശക്തമായി. ഇത് തൊഴില്‍ തേടി ബ്രിട്ടനില്‍ എത്തുന്ന മലയാളികളെയും പ്രതികൂലമായി ബാധിക്കും.
ഏപ്രില്‍ ഒന്നു മുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കണം.
ചെറുകിട സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ദേശീയ ഇന്‍ഷുറന്‍സില്‍ അനുവദിച്ചിരുന്ന എംപ്ലോയ്മെന്റ് അലവന്‍സ് അയ്യായിരം പൗണ്ടില്‍ നിന്നും 10,500 ആയി ഉയര്‍ത്താനും തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല