സ്വന്തം ലേഖകൻ: യുഎഇയിൽ ഭൂരിഭാഗം പ്രവാസികളും ഈ വര്‍ഷം സാമ്പത്തികമായി ചെറിയ മുന്നേറ്റമെങ്കിലും ഉണ്ടാക്കിയിട്ടുള്ളതായി സര്‍വ്വേ പുറത്തുവന്നിരിക്കുകയാണ്. സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചതായി വ്യക്തമാക്കി. അന്താരാഷ്ട്ര ധനകാര്യ ഉപദേശക കമ്പനിയായ ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് നടത്തിയ 2024-ലെ വേള്‍ഡ് വൈഡ് വെൽത്ത് സര്‍വ്വേയിലാണ് പ്രവാസികളുടെ സാമ്പത്തിക നേട്ടവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
യുഎഇയിൽ താമസിക്കുന്ന 2000 പ്രവാസികളാണ് സര്‍വ്വേയിൽ പങ്കെടുത്തത്. 55 ശതമാനം പ്രവാസികളും ശമ്പള വര്‍ധനവിലൂടെയാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെങ്കിൽ 35 ശതമാനം പേര്‍ ഇൻവെസ്റ്റ് പോര്‍ട്ട്ഫോളിയോയുടെ പ്രകടനത്തിലൂടെയാണ് നേട്ടമുണ്ടാക്കിയത്. നിക്ഷേപത്തിൻ്റെ കാര്യം പരിശോധിച്ചാൽ 30 ശതമാനം പേര്‍ പ്രോപര്‍ട്ടികളിലും 20 ശതമാനം പേര്‍ പെൻഷൻ ഫണ്ടിലുമാണ് ശ്രദ്ധ കൊടുക്കുന്നത്.
ഹ്യൂമൻ കാപിറ്റൽ കൺസൾട്ടൻസി സ്ഥാപനമായ മെഴ്സര്‍ ഈ വര്‍ഷം പുറത്തുവിട്ട പഠനത്തിൽ യുഎഇയിൽ ഈ വര്‍ഷം പണപ്പെരുപ്പം ഉണ്ടാകുന്നതിനേക്കാൾ വേഗത്തിൽ ശമ്പള വര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം വളരുന്നതും തൊഴിലാളികൾക്കായുള്ള ഡിമാൻഡ് വര്‍ധിക്കുന്നതുമാണ് ഇതിന് കാരണമായി സൂചിപ്പിച്ചത്. ഇതിന് സമാനമായ വിവരങ്ങളാണ് ഹോക്സ്റ്റൺ കാപിറ്റൽ നടത്തിയ സര്‍വ്വേയിലും വ്യക്തമായിരിക്കുന്നത്.
എന്തുകൊണ്ടാണ് ജോലി ചെയ്യാൻ യുഎഇയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും സര്‍വ്വേയിൽ പങ്കെടുത്ത പ്രവാസികൾ കൃത്യമായി മറുപടി പറയുന്നുണ്ട്. 85 ശതമാനം പേരെയും യുഎഇയിലെ മികച്ച തൊഴിലവസരങ്ങളും ജീവിത നിലവാരവുമാണ് പ്രാഥമികമായി അവിടേക്ക് ആകര്‍ഷിച്ചത്.
യുഎഇയിലെ സാമ്പത്തിക സാഹചര്യങ്ങളെ അന്താരാഷ്ട്ര നിക്ഷേപ സമൂഹം പ്രത്യേകിച്ചും അവിടെ ജീവിക്കുന്ന പ്രവാസികൾ പോസിറ്റീവ് ആയി സമീപിക്കുന്നുവെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. 95 ശതമാനം പ്രവാസികളും മുൻ വര്‍ഷത്തേക്കാൾ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് പറയുമ്പോൾ രാജ്യത്ത് മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളോട് ഇണങ്ങാൻ അവര്‍ക്ക് കഴിയുന്നു എന്നാണ് വ്യക്തമാകുന്നത്.
അതേ സമയം, സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ പ്രധാനമായും അവിടെ വര്‍ധിച്ചു വരുന്ന ജീവിത ചെലവിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് മാനേജിങ് പാര്‍ട്ട്ണറായ ക്രിസ് ബോൾ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല