സ്വന്തം ലേഖകന്‍: ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഗള്‍ഫ് ഉള്‍പ്പെടെയുളള 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. വിദേശങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനാണു നടപടി.
നോണ്‍– ഇസിആര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ (എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍) യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് www.emigrate.gov.in എന്ന വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയായ എല്ലാവരും നോണ്‍– ഇസിആര്‍ വിഭാഗത്തിലാണു പെടുക. ഇസിആര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് (പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാത്തവര്‍) ഇപ്പോള്‍ത്തന്നെ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തൊനീഷ്യ, ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നിവയാണ് ഇസിആര്‍ രാജ്യങ്ങള്‍
അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ ‘ഇസിഎന്‍ആര്‍ റജിസ്‌ട്രേഷന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കണം. യാത്രയ്ക്ക് 21 ദിവസം മുന്‍പു മുതല്‍ 24 മണിക്കൂര്‍ മുന്‍പുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഇതു നല്‍കിയാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല