സ്വന്തം ലേഖകന്‍: അതിശക്തമായ ഭൂകമ്പത്തില്‍ ഇക്വഡോര്‍ കുലുങ്ങി വിറച്ചു, മരണം 246 ആയി, 2500 ഓളം പേരുടെ നില ഗുരുതരം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടു. 5.6 തീവ്രതയില്‍ 55 ലധികം തുടര്‍ചലനങ്ങളുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇക്വഡോറിനു പുറമേ അയല്‍രാജ്യങ്ങളായ പെറു, കൊളംബിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിനു തൊട്ടുപിന്നാലെ ഹവായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പു സെന്റര്‍ പസഫിക് തീരങ്ങളില്‍ സുനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനാണു ഭൂകമ്പമുണ്ടായത്. തലസ്ഥാനമായ ക്വിറ്റോയ്ക്ക് 170 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു പ്രഭവകേന്ദ്രം.
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ദുരന്തസ്ഥലത്തേക്കു ബസുകളിലും ഹെലികോപ്റ്ററുകളിലും സൈനികരെയും പോലീസിനെയും നിയോഗിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവര്‍ത്തനത്തിനായി 10,000 സൈനികരെയും 3,500 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ് റാഫേല്‍ കൊറയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തീരദേശങ്ങളിലെ ജനതയുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നു ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതിവാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതാണു തിരിച്ചടിയായത്. ഭൂകമ്പത്തെത്തുടര്‍ന്നു മന്ദയിലെ വിമാനത്താവളം അടച്ചതു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസമായി. വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. പെഡര്‍മാലെസ് നഗരത്തിലെ ചെറുകെട്ടിടങ്ങളെല്ലാം തകര്‍ന്നെന്നു മേയര്‍ ഗബ്രിയേല്‍ അല്‍സിവാര്‍ അറിയിച്ചു.
1979 ല്‍ അറുനൂറോളം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനുശേഷം ഇക്വഡോറിനെ വിറപ്പിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇക്വഡോര്‍ വൈസ് പ്രസിഡന്റ് ജോര്‍ഗെ ഗ്ലാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല