സ്വന്തം ലേഖകൻ: തത്സമയ സംപ്രേക്ഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.സി. ടെലിവിഷന്‍ ചാനലിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരച്ചുകയറിയത്.
തോക്കുചൂണ്ടി ഭീഷണി മുഴക്കിയ സംഘം ജീവനക്കാരോട് ചാനല്‍മുറിയില്‍ ഇരിക്കാനും നിലത്ത് കിടക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവന്നശേഷം വൈകാതെ സംപ്രേക്ഷണം തടസപ്പെട്ടു. പശ്ചാത്തലത്തില്‍ വെടിവെപ്പിന്റെ ശബ്ദം കേട്ടിരുന്നെങ്കിലും ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഉടനെത്തിയ പോലീസ് ബന്ദികളെ മോചിപ്പിക്കുകയും അക്രമികളെ കീഴടക്കുകയും ചെയ്തു.
സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തതായി ഇക്വഡോര്‍ പോലീസ് അറിയിച്ചു. ചാനല്‍ സ്റ്റുഡിയോയില്‍ പോലീസിന്റെ സ്‌പെഷ്യല്‍ യൂണിറ്റിനെ വിന്യസിച്ചതായും പോലീസ് എക്‌സില്‍ അറിയിച്ചു. കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ നിലത്ത് കിടക്കുന്ന അറസ്റ്റിലായവരുടെ ചിത്രങ്ങളും പോലീസ് പങ്കുവെച്ചു.
ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ രാജ്യത്തെ 22 സംഘങ്ങളെ ഭീകരസംഘങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനവുമായി നവംബറില്‍ അധികാരത്തിലെത്തിയ നൊബോവ രാജ്യത്ത് 60 ദിവസത്തേക്ക് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് 22 ഗുണ്ടാസംഘങ്ങളെ ഭീകരസംഘങ്ങളായി പ്രഖ്യാപിച്ചത്. രാജ്യം ആഭ്യന്തര സായുധ സംഘര്‍ഷത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു. ഭീകരസംഘങ്ങളായി പ്രഖ്യാപിച്ച 22 ഗുണ്ടാസംഘങ്ങളെയും കീഴടക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതീവ സുരക്ഷാ ജയില്‍ നിര്‍മ്മിക്കാനും തടവിലുള്ള ഗുണ്ടാസംഘത്തലവന്മാരെ ജയില്‍ മാറ്റാനുമുള്ള തീരുമാനമാണ് അക്രമങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇക്വഡോറിലെ സാഹചര്യം കണക്കിലെടുത്ത് അയല്‍രാജ്യമായ പെറുവിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബ്രസീല്‍, ചിലി, കൊളംബിയ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇക്വഡോര്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല