സ്വന്തം ലേഖകൻ: വിദേശ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാട്ടി ബിബിസിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഡല്‍ഹിയിലെ ബിബിസി ആസ്ഥാനത്ത് മൂന്ന് ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിബിസിയ്‌ക്കെതിരായ ഇ ഡി കേസ്. പ്രാഥമിക അന്വേഷണം നടത്തി ചട്ടലംഘനം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് ഇ ഡി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.
ആദായ നികുതിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ ബിബിസി പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും ഉള്‍പ്പെടെ ആദായ നികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി ജനുവരി 17ന് ബിബിസി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് സര്‍വെ എന്ന പേരില്‍ ബിബിസി ഓഫിസുകളില്‍ പരിശോധന നടന്നത്. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ഫെമ നിയമലംഘനത്തിന് ബിബിസിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല