സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത് ശരിയായില്ലെന്ന് പിവി അബ്ദുള്‍ വഹാബ് എംപി. ഇന്ത്യന്‍ എംബസിയും ദുബായ് കോണ്‍സുലേറ്റും ബലി പെരുന്നാള്‍ ദിവസം തുറന്നു പ്രവര്‍ത്തിച്ചത മതേതരമായി ചിന്തിക്കുന്ന സാധാരണക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ വഹാബ്. മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ഈ വര്‍ഷം തുറന്നു പ്രവര്‍ത്തിച്ചത് തെറ്റായ സന്ദേശങ്ങള്‍ക്ക് വഴിവെക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീം രാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ കാര്യാലയങ്ങള്‍ക്ക് പെരുന്നാളിന് അവധി നല്‍കുമ്പോള്‍ ആ ദിവസത്തോടുള്ള ബഹുമാനമാണ് സൂചിപ്പിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് യോജിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ഇവിടെയുള്ള ഇന്ത്യക്കാര്‍ക്ക് ഭരണകര്‍ത്താക്കള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും ഒരു പ്രതേക പരിഗണന ലഭിക്കാന്‍ കാരണമായിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനം ഇന്ത്യന്‍ ഭരണകൂടത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ സംഭവം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള മറ്റു ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് പെരുന്നാളിന് അവധി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല