സ്‌കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യതകളെ തള്ളി ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ്. ലേബര്‍ പാര്‍ട്ടി ദേശീയ പാര്‍ട്ടികളുമായി കൈകോര്‍ത്ത് ബ്രിട്ടന്റെ ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ എസ്എന്‍പിക്ക് പ്രാതിനിധ്യമുണ്ടാകില്ലെന്ന് എഡ് മിലിബാന്‍ഡ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടോറി പാര്‍ട്ടിയും സമാനമായ ആരോപണങ്ങള്‍ എഡ്മിലിബാന്‍ഡിന് നേര്‍ക്ക് ഉയര്‍ത്തിയിരുന്നു.
വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ പുഡ്‌സിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജനങ്ങളെ പേടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നത് എന്ന് ലേബര്‍ നേതാവ് കുറ്റപ്പെടുത്തിയത്.
അതേസമയം ഡൗണിംഗ് സ്ട്രീറ്റില്‍നിന്ന് ടോറികളെ അകറ്റി നിര്‍ത്തുന്നതിനായി ലേബര്‍ പാര്‍ട്ടിക്കും എസ്എന്‍പിക്കും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടെന്ന്് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ഗണ്‍ പറഞ്ഞു. എഡ്മിലിബാന്‍ഡിന് എസ്എന്‍പിയുമായുള്ള സഖ്യം വേണ്ടെന്ന് വെയ്ക്കാന്‍ സാധിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് വക്താവ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റിലേക്ക് പ്രധാനമന്ത്രിയുടെ കുപ്പായമിട്ട് വരാനുള്ള മിലിബാന്‍ഡിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി അദ്ദേഹം ഇത് ചെയ്യുമെന്നും കണ്‍സര്‍വേറ്റീവ് വക്താവ് കുറ്റപ്പെടുത്തി.
മെയ് മാസത്തില്‍ യുകെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരിയും കാര്യക്ഷമതയില്ലായ്മ ആരോപിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സാഹചര്യത്തെ പരമാവധി ഒഴിവാക്കുക എന്നതാണ് എല്ലാ പാര്‍ട്ടികളും ഉദ്ദേശിക്കുന്നതും ലക്ഷ്യം വെയ്ക്കുന്നതും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ അതിനെ പൊളിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളും ചെറുസംഘടനകള്‍ പോലും നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല