ജോസ് സൈമണ്‍ മുളവേലിപ്പുറത്ത്
പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണം വന്നണഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ തുടിക്കുന്ന ഹൃദയവുമായി ഓണത്തെ വരവേല്ക്കുമ്പോള് അതിന്റെ ഭാഗമാകാന്‍ എഡിന്‍ബര്‍ഗ് മലയാളികളും ഒരുങ്ങുന്നു. കഴിഞ്ഞകാലത്തെ ഓണാഘോഷങ്ങളെക്കാള് തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന ആഘോഷമാണ് എഡിന്‍ബര്‍ഗ് മലയാളിസമാജം കൈക്കൊണ്ടിരിക്കുന്നത്. ഓണത്തിന് അഞ്ചുമാസം മുമ്പേ നിരവധി മത്സരങ്ങള്‍ സമാജം സംഘടിപ്പിച്ചിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയും അംഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ ബിജു ജോണിന്റെ നേതൃത്വവത്തിലുള്ള പുതിയ സമിതിക്കു സാധിച്ചു. ഇതിനുപുറമേ ജീവകാരുണ്യപ്രവര്‍ത്തനം സംഘടനയുടെ മുഖമുദ്രയാണ്.സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം മൂന്നുമുതല്‍ ഒമ്പതുവരെയാണ് ആഘോഷം.
സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ജിംജോസിന്റെയും ജോസ് സൈമണിന്റെയും നേതൃത്വത്തില്‍ പഞ്ചഗുസ്തി, നാരങ്ങാസ്പൂണ്‍ ഓട്ടം, തിരികത്തിച്ച് ഓട്ടം, കലംതല്ലിപ്പൊട്ടിക്കല്‍, വടംവലി, സൂചിനൂല്‍ കോര്‍ക്കല്‍, ഒറ്റക്കാലില്‍ ഓട്ടം എന്നീ കായികമത്സരങ്ങളാണ് ഈ വര്‍ഷം നടത്തുന്നത്. അതിനുശേഷം എഡിന്‍ബര്‍ഗ് മലയാളിസമാജം മുന്‍ കണ്‍വീനര്‍മാരായ ജിന്‍സ് അബ്രഹാം, റെജി ഫിലിപ് എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലുള്ള കണ്‍വീനര്‍ ബിജു ജോണ്‍ ഓണത്തപ്പനെ സാക്ഷിയാക്കി നിലവിളക്ക് കൊളുത്തി ഈ വര്‍ഷത്തെ ഓണാഘോഷം നിര്‍വഹിക്കും.
തുടര്‍ന്ന് കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഷൈന്‍ ടോം, റെജി എബ്രഹാം, ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്കുന്ന, നയനങ്ങള്‍ക്ക് കുളിര്‍മയും കാതുകള്‍ക്ക് ഇമ്പവും നല്കുന്ന കലാസന്ധ്യ ആരംഭിക്കും. വ്യത്യസ്ഥത പുലര്‍ത്തുന്ന സ്റ്റേജ് ഓപ്പണിംഗ് ഷോ, തിരുവാതിരകളി, മനോഹരമായ സിനിമാറ്റിക് ഡാന്‍സുകള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന കോമഡി സ്കിറ്റുകള്‍ നാടകം ഒപ്പം നാവില്‍ രുചിയുടെ താളമേളങ്ങള്‍ തത്തിക്കളിക്കുന്ന അത്യുഗ്രന്‍ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും. സമ്പദ്സമൃദ്ധിയുടെ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ ജാതിമതഭേദമന്വേ എല്ലാമലയാളികളെയും ഓണാഘോഷ നഗരിയിലേക്ക് സംഘാടകര്‍ ക്ഷണിച്ചു. വേദി:Danderhall Miners Club, EH 221 QU.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല