സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാഭ്യാസം കച്ചവടമാക്കുന്നതു രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കുന്ന നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. പുതിയ അധ്യയന വര്‍ഷത്തേക്ക് അംഗീകാരം പുതുക്കിനല്‍കാത്ത മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) നടപടി ചോദ്യംചെയ്തു ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവ നല്‍കിയ ഹര്‍ജികളിലാണു സുപ്രീം കോടതിയുടെ വിധി.
ഹര്‍ജികളിലെ വസ്തുതാപരമായ വശങ്ങളിലേക്കു കടക്കാതെ, മൗലികാവകാശ ലംഘനമുണ്ടായെന്ന വാദമാണു കോടതി പരിഗണിച്ചത്. മൗലികാവകാശ ലംഘനമുണ്ടെങ്കില്‍ മാത്രമാണു 32 മത്തെ വകുപ്പുപ്രകാരം സുപ്രീം കോടതിയെ നേരിട്ടു സമീപിക്കാന്‍ വ്യവസ്ഥയുള്ളത്.
ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രശ്‌നം മൗലികാവകാശങ്ങളുടെ പരിധിയില്‍ പെടുന്നില്ലാത്തതിനാല്‍ സുപ്രീം കോടതിയെ നേരിട്ടു സമീപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 226 മത്തെ വകുപ്പുപ്രകാരം ഹൈക്കോടതിക്കു മൗലികാവകാശ ലംഘനങ്ങള്‍ മാത്രമല്ല, സാധാരണ നിയമലംഘനങ്ങളും പരിശോധിക്കാനുള്ള വിശാലമായ അധികാരമുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല