1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

ലണ്ടന്‍ : നാലാം തലമുറയില്‍ പെട്ട സൂപ്പര്‍ഫാസ്റ്റ് മൊബൈല്‍ ഇന്റര്‍നെറ്റ് ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കള്‍്ക്ക് ലഭിച്ച് തുടങ്ങും. എവരിതിംഗ് എവരിവെയര്‍ എന്ന കമ്പനിയ്ക്കാണ് 4ജി നെറ്റ് വര്‍ക്ക് നല്‍കാന്‍ ടെലികോം അതോറിറ്റിയായ ഓഫ്‌കോം അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി 4ജി നെറ്റ് വര്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് ഇഇ. ഓറഞ്ച്, ടി – മൊബൈല്‍ എന്നീ മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ ഉടമസ്ഥരായ എവരിതിംഗ് എവരിവെയര്‍ കമ്പനിക്ക് (ഇഇ) നിലവിലുളള സ്‌പെക്ട്രം വഴി 4ജി സിമ്മുകള്‍ വിതരണം ചെയ്യാന്‍ ഓഫ്‌കോം അനുമതി നല്‍കി കഴിഞ്ഞു.

എന്നാല്‍ ഇഇയുടെ എതിരാളികള്‍ക്ക് 4ജി സ്‌പെക്ട്രത്തിനുളള അനുമതിയ്ക്കായി ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരും. 4ജിയ്ക്കായുളള ഫ്രീക്വന്‍സിയ്ക്കായി നടക്കുന്ന ലേലത്തില്‍ പങ്കെടുത്ത ശേഷമേ ഇവര്‍ക്ക് ഫ്രീക്വന്‍സികള്‍ അനുവദിക്കുകയുളളു. ഇഇയ്ക്ക് നേരത്തെ അനുമതി നല്‍കിയത് വഴി കമ്പനിയ്ക്ക് നേട്ടമുണ്ടാകാനുളള വഴി വിട്ട നടപടിയാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുളളതെന്ന് എതിരാളികള്‍ ആരോപിച്ചു.

ഒക്ടോബര്‍ മുതല്‍ ഇഇയുടെ പുതിയ 4ജി സേവനം ബ്രട്ടീഷുകാര്‍ക്ക് ലഭിച്ചുതുടങ്ങുമെന്ന് ഇഇയുടെ വക്താവ് അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ചോടെ നിലവിലെ ഓറഞ്ച്, ടി മൊബൈല്‍ ബ്രാന്‍ഡുകള്‍ കമ്പനി പിന്‍വലിക്കുമെന്നും നിലവിലുളള ഉപഭോക്താക്കള്‍ക്ക് ഇഇയുടെ സേവനം ഉറപ്പാക്കുമെന്നും വിശ്വസ്ഥ വൃത്തങ്ങള്‍ അറിയി്ച്ചു. നിലവില്‍ രണ്ട് ട്രേഡ് മാര്‍ക്കുകള്‍ക്കാണ് ഇഇ അപേക്ഷിച്ചിട്ടുളളത്. 4ജി എവരിതിംഗ് എവരിവെയര്‍@, 4GEE@ എന്നീ രണ്ട് ട്രേഡ്മാര്‍ക്കുകള്‍ക്കാണ് കഴിഞ്ഞ മേയില്‍ ഇഇ അപേക്ഷ നല്‍കിയത്.

ആദ്യം ഓറഞ്ച്, ടി – മൊബെല്‍ ബ്രാന്‍ഡുകള്‍ക്കൊപ്പമാകും പുതിയ ബ്രാന്‍ഡും പ്രവര്‍ത്തനം ആരംഭിക്കുക. കൂടുതല്‍ പദ്ധതികള്‍ പിന്നീട് തീരുമാനിക്കുമെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. സെപ്റ്റംബര്‍ 11 ന് ശേഷം എപ്പോള്‍ വേണമെങ്കിലും 4ജി സേവനം നല്‍കാന്‍ ഓഫ്‌കോം ഇഇയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 4ജി സേവനം എത്തിയാല്‍ വളരെ വേഗം ഇന്റര്‍നെറ്റ് സൗകര്യം ഫോണില്‍ ലഭ്യമാകും. നിലവില്‍ ഇഇയുടെ 1800 MHz സ്‌പെക്ട്രം തന്നെ 4ജി സൗകര്യത്തിനായി ഉപയോഗിക്കാനാണ് ഓഫ്‌കോം അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഓഫ്‌കോമിന്റെ നടപടി തികച്ചും ഞെട്ടിക്കുന്നതാണന്ന് ഇഇയുടെ പ്രധാന എതിരാളികളായ വോഡാഫോണ്‍ പ്രതികരിച്ചു. വളരെയധികം മത്സര സ്വഭാവമുളള 4ജി മാര്‍ക്കറ്റില്‍ ഒരു കമ്പനിയ്ക്ക് മാത്രം ലേലത്തില്‍ പങ്കെടുക്കാതെ വളരെ നേരത്തെ സ്‌പെക്ട്രം അനുവദിച്ച് ദുരുദ്ദേശത്തോടെയാണന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 4ജി സ്‌പെക്ട്രത്തിനുളള ലേലം നടക്കുമെന്നാണ് കരുതുന്നത്. ലേലം പൂര്‍ത്തിയാകുന്നതോടെ യുകെയിലെ 98 ശതമാനം ആളുകള്‍ക്കും 4 ജി നെറ്റ് വര്‍ക്ക് ലഭിച്ച് തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.