സ്വന്തം ലേഖകന്‍: സ്വപ്നഗൃഹം പണിയാന്‍ കഴിയാത്തവര്‍ക്കായി ചൈനീസ് യുവാവിന്റെ മുട്ട വീട് തരംഗമാകുന്നു. ചൈനയില്‍ ബെയ്ജിംഗ് നഗരത്തിലേയ്ക്ക് കുടിയേറിയ ദായി ഹൈഫെ എന്ന യുവ ഡിസൈനറാണ് മുട്ട വീടുമായി രംഗത്തെത്തി അധികൃതരെ ഞെട്ടിച്ചത്. ചൈനീസ് നഗരങ്ങളിലെ ഭീമമായ വീട്ടു വാടാ താങ്ങാനാകാതെയാണ് അവസാനം വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ ദായി മുട്ട വീട് പരീക്ഷിച്ചത്.
ഒരു മുട്ടയുടെ ആകൃതിയില്‍ തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങുകയായിരുന്നു ദായി. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍. ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടര്‍ ടാങ്ക്. ഇത്ര മാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം. മുള കൊണ്ടുള്ള ഫ്രയിമില്‍ വുഡന്‍ പാനല്‍ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടില്‍ നട്ടിരിക്കുന്ന ചെടികള്‍ പച്ചപ്പിന്റെ ആവരണം നല്‍കുന്നു.
വൈദ്യുത ആവശ്യങ്ങള്‍ക്കായി സോളാര്‍ പാനലുകളുണ്ട്. 964 ഡോളറാണ് സ്ലീപിങ് പോഡായി ഉപയോഗിക്കാവുന്ന ഈ വീടിന്റെ ചെലവ്. രണ്ടുമാസം കൊണ്ടാണ് മുട്ടവീട് ഡിസൈന്‍ ചെയ്ത് നിര്‍മിച്ചെടുത്തത്. മുട്ടവീടിന്റെ ഡിസൈന്‍ ചൈന ആര്‍ക്കിടെക്ചര്‍ പുരസ്‌കാരപ്പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ദായി ചൈനയിലും സമൂഹ മാധ്യമങ്ങളിലും താരമായത്.
പാര്‍പ്പിട പ്രശ്‌നം രൂക്ഷമായ ചൈനയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍ മുട്ടവീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രമുഖ നിര്‍മാണക്കമ്പനികള്‍ ദായിയുടെ പിന്നാലെയാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളുതള്ളിക്കുന്ന അംബരചുംബികളുടെ നാടായ ചൈനയില്‍ ഇടത്തരക്കാര്‍ക്ക് പാര്‍പ്പിടമെന്ന സ്വപ്നം ഇന്നും വിദൂരമാണ് എന്ന യാഥാര്‍ഥ്യമാണ് ദായിയുടെ കഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല