സ്വന്തം ലേഖകൻ: കോവിഡിന് ശേഷം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനായി പല രാജ്യങ്ങളും വീസ ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കഴിഞ്ഞു. അതേ പാതയിലാണ് എല്ലാ ലോക സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളിലൊന്നായ ഈജിപ്തും. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കാനൊരുങ്ങുകയാണ് ഈജിപ്ത്. ഓണ്‍ അറൈവല്‍ വീസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് ഈജിപ്ത് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ 700 ഡോളറിനും ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വീസ 25ഡോളറിനും ലഭിക്കും. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടായിരിക്കുക. ഈ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.
പിരമിഡുകളും മമ്മികളും ചരിത്രാവശേഷിപ്പുകളുംകൊണ്ട് സമ്പന്നമായ ഈജിപ്ത്, ചരിത്ര കുതുകികളായ സഞ്ചാരികളുടെ പറുദീസയാണ്. സമീപകാലത്തുണ്ടായ ടൂറിസം മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഈജിപ്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 25 മുതല്‍ 30 വരെ ശതമാനം വളര്‍ച്ചയാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്.
കോവിഡിന് പുറമെ റഷ്യ ഉക്രൈന്‍ യുദ്ധവും പിരമിഡുകളുടെ നാടിന്റെ ടൂറിസം മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ഈജിപ്തിലേക്ക് വന്നിരുന്ന വിനോദ സഞ്ചാരികളില്‍ വലിയൊരു വിഭാഗവും റഷ്യക്കാരും യുക്രൈന്‍കാരുമായിരുന്നു. യുദ്ധം കാരണം ഇവരുടെ എണ്ണത്തിലുണ്ടായ വന്‍ ഇടിവിനെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ രാജ്യത്തെത്തിച്ച് നികത്താനാകുമെന്നാണ് ഈജിപ്തിന്റെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല