സ്വന്തം ലേഖകൻ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവിസ് മേധാവി ദിയാ റശ്‍വാൻ അറിയിച്ചതായി റോയിറ്റേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉൾപ്പെടെ വിവിധഘട്ട വെടിനിർത്തലാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ പുറത്തുവിടൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ സേന കനത്ത ആക്രമണം തുടരുകയാണ്.
നുസൈറാത്, ബുറൈജ്, മഗാസി പ്രദേശത്താണ് രൂക്ഷ പോരാട്ടം നടക്കുന്നത്. ഈ പ്രദേശങ്ങളിൽനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുമുണ്ട്. വ്യാഴാഴ്ച 50ലധികം പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ മൊത്തം മരണം 21,320 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55,603 പേർക്ക് പരിക്കുണ്ട്.
ഹമാസിന് ധനസഹായം നൽകുന്നു എന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ മണി എക്സ്ചേഞ്ച് കടകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രണ്ട് ഓഫിസർമാരും സൈനികരും കൊല്ലപ്പെട്ടതോടെ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ മരിച്ച ഇസ്രായേൽ സൈനികരുടെ എണ്ണം 501 ആയി.
കരയുദ്ധം ആരംഭിച്ചതുമുതൽ 173 സൈനികരാണ് കൊല്ലപ്പെട്ടത്. 3000 സൈനികർക്ക് പരിക്കുണ്ട്. ഇസ്രായേൽ അധീനതയിലുള്ള ഗോലാൻ കുന്നിൽ ഡ്രോൺ തകർന്നുവീണു. അതിനിടെ, യുദ്ധം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹാലവി പറഞ്ഞു. ലബനാനിൽനിന്ന് ഹിസ്ബുല്ല ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല