സ്വന്തം ലേഖകന്‍: ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍. മൂന്നു ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 92 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ പട്ടാളമേധാവികൂടിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസി രണ്ടാമൂഴം ഉറപ്പാക്കിയത്. വോട്ടിങ്‌നില വീണ്ടും താഴോട്ടുപോയ തെരഞ്ഞെടുപ്പില്‍ ആറു കോടി വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.
വോട്ടുചെയ്തവരില്‍ ഏഴു ശതമാനത്തോളം, ഏതാണ്ട് 20 ലക്ഷം പേര്‍, വോട്ട് അസാധുവാക്കി. പലരും സ്ഥാനാര്‍ഥി പട്ടികയിലില്ലാത്തവരുടെ പേര് എഴുതിച്ചേര്‍ത്താണ് വോട്ട് അസാധുവാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായ മൂസ മുസ്തഫക്ക് 7,21,000 വോട്ട് ലഭിച്ചു. തനിക്ക് 10 ശതമാനം വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്നെന്നും സീസിയുടെ ജനപ്രിയതയാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മൂസ മുസ്തഫ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇയാള്‍ സീസിയുടെ ഡമ്മി സ്ഥാനാര്‍ഥിയാണെന്ന് ആരോപണമുണ്ടായിരുന്നു.
2014ലെ തെരഞ്ഞെടുപ്പില്‍ 47 ശതമാനം പേര്‍ വോട്ടുചെയ്യാനെത്തിയെങ്കില്‍ ഇത്തവണ 40 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. 50 മുതല്‍ 100 ഈജിപ്ഷ്യന്‍ പൗണ്ട്, ഭക്ഷണപ്പൊതികള്‍, വിനോദ പാര്‍ക്ക് ടിക്കറ്റ് തുടങ്ങിയവയായിരുന്നു വ്യാപകമായി വിതരണം ചെയ്തത്. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഇടപെട്ട് വിവിധ പേരുകളില്‍ കാമ്പയിനുകളും നടത്തി. അതിനിടെ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലില്‍ കടുത്ത പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് ബ്രിട്ടീഷ് എം.പിമാരുടെയും അഭിഭാഷകരുടെയും സമിതി ആരോപിച്ചു.
ഈ പീഡനം ആരോഗ്യം ക്ഷയിച്ച് അദ്ദേഹത്തിന്റെ അകാല ചരമത്തില്‍ കലാശിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. മുര്‍സിക്ക് ചികില്‍സ നിഷേധിക്കുന്ന നിലപാടാണ് സൈനിക ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടം തുടരുന്നതെന്നും ബ്രിട്ടിഷ് എം.പി ക്രിസ്പിന്‍ ബ്ലന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സി 2013ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് പുറത്താക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല