സ്വന്തം ലേഖകന്‍: ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി. ഈജിപ്ഷ്യന്‍ നഗരമായ മിന്യയില്‍ നിന്നാണ് 17 മമ്മികള്‍ കണ്ടെത്തിയത്. കാര്യമായ കേടുപാടുകളൊന്നും ഇല്ലാത്ത മമ്മികള്‍ അടുത്ത കാലത്ത് ഗവേഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട കണ്ടെത്തെലാണെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ മമ്മികള്‍ കണ്ടെടുത്തിട്ടില്ലാത്ത ഈ പ്രദേശത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗവേഷക സംഘം മമ്മികള്‍ കണ്ടെത്തിയത്.
കെയ്‌റോയില്‍നിന്ന് 220 അകലെയാണ് ഈ പ്രദേശം. പുരോഹിതരോ നേതാക്കളോ ആവണം മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്ന ഈ മൃതദേഹങ്ങള്‍ എന്നാണ് ഗവേഷകരുടെ അഭിപ്രായം. മമ്മിയാക്കിയതിന്റെ രീതികള്‍ വിശകലനം ചെയ്താണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. വന്‍ തിരക്കാണ് ഈ പ്രദേശത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഖനനം വിപുലമാക്കിയ ഗവേഷകര്‍ വന്‍ കണ്ടെത്തലുകള്‍ ഇനിയും മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് സൂചന നല്‍കി.
നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും ഇതോടൊപ്പം കുഴിച്ചെടുത്തിട്ടുണ്ട്. അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളതെന്നാണ് വിശ്വാസം. ഇത്തരത്തില്‍ ധാരാളം മമ്മികള്‍ ഇനിയും ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറു വര്‍ഷം മുമ്പുനടന്ന സായുധ കലാപത്തിനുശേഷം വഴിമുട്ടി നില്‍ക്കുന്ന ഈജിപ്ഷ്യന്‍ ടൂറിസത്തിന് ലഭിച്ച ലോട്ടറി ആയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഈ കണ്ടെത്തലുകളെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല