സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈജിപ്തിലെ റോസറ്റാ തുറമുഖത്തിനു സമീപം മെഡിറ്ററേനിയനില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടില്‍ 450 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഈജിപ്റ്റില്‍നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന അനധികൃത കുടിയേറ്റക്കാരായിരുന്നു ഇവര്‍. ഇതില്‍ 163 പേരെ രക്ഷപ്പെടുത്തിയതായും ഈജിപ്ഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
വടക്കന്‍ ഈജിപ്തിലെ ബഹരിയാ പ്രവിശ്യയിലെ ബര്‍ഗ് റഷീദ് ഗ്രാമത്തിനു സമീപമാണു ബോട്ടു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു യൂറോപ്പില്‍ കുടിയേറുന്നതിനായി പുറപ്പെട്ടവരായിരുന്നു യാത്രക്കാര്‍. കാണാതായവര്‍ക്കുവേണ്ടി ഈജിപ്ഷ്യന്‍ നാവികസേന കടലില്‍ തെരച്ചില്‍ തുടരുകയാണ്. അമിതമായി ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിനിടയാക്കിയതെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഇറ്റലിയില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ ഈജിപ്ഷ്യന്‍ തീരത്തത്തെിയിട്ടുണ്ട്. അതിനിടെ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ബാള്‍ക്കന്‍ പാത അടച്ചതിനെത്തുടര്‍ന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികള്‍ ലിബിയയില്‍നിന്നും ഈജിപ്തില്‍നിന്നുമാണ് ഇറ്റലിയിലേക്ക് പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല