സ്വന്തം ലേഖകന്‍: മെഡിറ്ററേനിനില്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതായി അന്വേഷണ സംഘം. വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തുന്ന ഫ്രഞ്ച് കപ്പലിലെ വിദഗ്ധ സംഘത്തിനാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ബ്ലാക്‌ബോക്‌സ് സിഗ്‌നല്‍ ലഭിച്ചത്.
സമുദ്രത്തിലെ അടിത്തട്ടില്‍ തെരച്ചില്‍ ഫലപ്രദമാക്കാന്‍ കഴിയുന്ന ജോണ്‍ ലേത്ത്ബ്രിഡ്ജ് എന്ന മറ്റൊരു കപ്പല്‍ കൂടി പ്രദേശത്ത് വിന്യസിക്കാന്‍ സംഘം തീരുമാനിച്ചു. ഈ ആഴ്ച അവസാനത്തോടെ കപ്പല്‍ തെരച്ചില്‍ ടീമിനൊപ്പം ചേരും. മെയ് 19നാണ് ഈജിപ്ത് വിമാനം മെഡിറ്റേനിയനില്‍ തകര്‍ന്നു വീണത്.
വിമാനപകടത്തില്‍ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 66 പേരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബോംബ് സ്‌ഫോടനമടക്കം നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണ സാധ്യതയാണ് ഇപ്പോഴും അപകടത്തിന് പിന്നിലുള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സിഗ്‌നല്‍ ലഭിച്ചതോടെ ബ്ലാക്‌ബോക്‌സ് വേഗം കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാംഗങ്ങള്‍. ഈജിപ്തിന്റെ തീര പ്രദേശത്തുനിന്നും 280 കിലോമീറ്റര്‍ മാറി മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഈജിപ്തുകാരെ കൂടാതെ ഫ്രാന്‍സ്, ഇറാഖ്, ബ്രിട്ടന്‍, ബെല്‍ജിയം, കുവൈത്ത്, സൗദി അറേബ്യ, സുഡാന്‍, ഛാദ്, പോര്‍ചുഗല്‍, അല്‍ജീരിയ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല