സ്വന്തം ലേഖകന്‍: കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കണ്ടെത്തിയ ലൈഫ് ജാക്കറ്റുകള്‍, സീറ്റിന്റെ ഭാഗങ്ങള്‍, ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വസ്തുക്കളാണ് തെരച്ചില്‍ സംഘം കണ്ടെത്തിയത്. കണ്ടെടുത്ത ലൈഫ് ജാക്കറ്റുകളിലും മറ്റ് വസ്തുക്കളിലും ഈജിപ്ത് എയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ശരിരാവശിഷ്ടങ്ങളും കടലില്‍ നിന്നു കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും ബ്ലാക് ബോക്‌സുകള്‍ അടക്കമുള്ളവയും ഇപ്പോഴും കണ്ടെടുത്തിട്ടില്ല. അതേസമയം വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനത്തിനുള്ളില്‍ പുക നിറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡുമായുള്ള സിഗ്‌നല്‍ ബന്ധം വിച്‌ഛേദിക്കപ്പെടുംമുമ്പ് വിമാനത്തില്‍ സ്‌മോക്ക് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ടോയ്‌ലെറ്റിലാണ് ആദ്യം പുക ശ്രദ്ധയില്‍പ്പെട്ടത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ക്യാബിനിലേക്കു പുക വ്യാപിക്കുന്നതായി കണ്ടെത്തിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇതിനു മിനിട്ടുകള്‍ക്കുശേഷം 66 പേരുമായി വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണതായി കരുതുന്നതായും എയര്‍ ഇന്‍ഡസ്ട്രി വെബ്‌സൈറ്റായ ഏവിയേഷന്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എയര്‍ക്രാഫ്റ്റ് കമ്യൂണിക്കേഷന്‍സ് അസ്രസിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റ (എ.സി.എ.ആര്‍.എസ്) ത്തിലൂടെ ലഭിച്ച ഫ്‌ളൈറ്റ് ഡേറ്റയാണ് തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ആധാരമെന്ന് വെബ്‌സൈറ്റ് അറിയിച്ചു.
അതിനിടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍ പറഞ്ഞു. പാരീസില്‍നിന്ന് കെയ്‌റോയിലേക്കുള്ള ഈജിപ്ത് എയര്‍ വിമാനം കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്. 30 ഈജിപ്തുകാരും 15 ഫ്രഞ്ചുകാരും രണ്ട് ഇറാഖികള്‍ക്കും പുറമേ ഒന്‍പത് മറ്റു രാജ്യക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല